തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോട് കൂടിയ മഴയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.
തിരുവനന്തപുരത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തത്. വിതുര ബോണക്കാട് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് അടച്ചു. വാമനപുരം നദിയിൽ ജലനിരപ്പ് ഉയർന്നതിനെതുടർന്ന് വിതുര-പൊന്നാംചുണ്ട് പാലത്തിൽ വെള്ളം കയറി. കാട്ടാക്കടയിൽ കനത്ത മഴയിൽ വീടിനുള്ളിലേക്ക് വെള്ളമിരച്ചു കയറി. വിഴിഞ്ഞം തീരത്ത് കൗതുകമായി വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം ഉണ്ടായി.
ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് നിരീക്ഷിക്കുന്നു. ഒഡീഷ – പശ്ചിമ ബംഗാൾ തീരത്ത് മുന്നറിയിപ്പുണ്ട്.
അതേസമയം, മദ്ധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. ഇന്ന് ഇത് ചുഴലിക്കാറ്റായും നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കുകയും ചെയ്യും. ഇത് നാളെയോ മറ്റെന്നാളോ അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യത. മദ്ധ്യപടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ട്.
Discussion about this post