തിരുവനന്തപുരം: യാത്രയയപ്പു ചടങ്ങിൽ എഡിഎം നവീൻ ബാബുവിനെ ആക്ഷേപിക്കുന്ന വിഡിയോ പല മാദ്ധ്യമങ്ങൾക്കും കൈമാറിയതു മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെന്ന് കണ്ടെത്തല്‍. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ.ഗീതയുടെ അന്വേഷണത്തിൽ ആണ് ഇക്കാര്യം കണ്ടെത്തിയത്. പെട്രോൾ പമ്പിന്റെ ഫയൽ എഡിഎം വച്ചു താമസിപ്പിച്ചെന്ന ആരോപണം വസ്തുതാവിരുദ്ധമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വിഡിയോ പകർത്തിയ ചാനൽ പ്രവർത്തകരിൽ നിന്നു ജോയിന്റ് കമ്മീഷണര്‍ വിവരങ്ങളും ദൃശ്യങ്ങളുടെ പകർപ്പും ശേഖരിച്ചു.
അന്വേഷണവുമായി ദിവ്യ സഹകരിക്കാത്തതിനാൽ ഇനി അവരുടെ മൊഴി രേഖപ്പെടുത്തില്ല. യാത്രയയപ്പുമായി ബന്ധപ്പെട്ടു ഗൂഢാലോചന നടന്നെന്ന ആരോപണം ജില്ലാ കളക്ടര്‍ അരുൺ കെ.വിജയൻ നിഷേധിച്ചു.
Lയാത്രയയപ്പ് ചടങ്ങിന്റെ സമയം ദിവ്യ നേരത്തെ ചോദിച്ചു മനസ്സിലാക്കിയിരുന്നു. നവീൻ ബാബുവിനെ വിടുതൽ ചെയ്യാൻ വൈകിയത് ആവശ്യത്തിന് ഉദ്യോഗസ്ഥർ ഇല്ലാത്തതിനാലാണ് എന്നും കളക്ടര്‍ മൊഴി നല്‍കിയിരുന്നു.
അതേസമയം, കേസില്‍ പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് വാദം കേള്‍ക്കും. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.ടി. നിസാർ അഹമ്മദ് വ്യാഴാഴ്ച വാദം കേൾക്കും. ഭാരതീയ ന്യായസംഹിതയിലെ 108 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ദിവ്യയ്ക്കെതിരേ ചുമത്തിയത്.
നവീൻ ബാബുവിന്റെ മരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പ്രതികരിച്ചിരുന്നു. നവീൻ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവീൻ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. നിർഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. അത്തരക്കാരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല. സ്ഥലമാറ്റം പൂർണമായും ഓൺലൈനാക്കും. അർഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
Discussion about this post