ന്യൂഡൽഹി: ഇന്ത്യൻ വിമാനക്കമ്പനികളെ ലക്ഷ്യമിട്ട് അടുത്തിടെയുണ്ടായ ബോംബ് ഭീഷണിയിൽ പ്രതികരിച്ച് കേന്ദ്രവ്യോമയാന മന്ത്രി രാം മോഹൻ നായിഡു. ഭീഷണികൾ സംബന്ധിച്ച് പൊതുജനങ്ങൾ ഭയക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. സംഭവത്തിൽ സർക്കാർ ആവശ്യമായ എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണെന്നും സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഒമ്പത് ദിവസമായി, 170-ലധികം വിമാനങ്ങൾക്ക് നേരെയാണ് ബോംബ് ഭീഷണി എത്തിയത്. പ്രധാനമായും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഭീഷണി സന്ദേശം എത്തുന്നത്. ഭീഷണികൾ വലിയ ഗൂഢാലോചനയുടെ ഭാഗമാണോ കാര്യത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കാൻ സാധിക്കില്ല. സമഗ്രമായ അന്വേഷണം നടക്കുന്നതുവരെ നമുക്ക് കാത്തിരിക്കാം. ഇതിന് പിന്നിൽ ആരാണെന്ന് നമുക്ക് മനസ്സിലായിക്കഴിഞ്ഞാൽ, മാത്രമേ ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഡാലോചനയുണ്ടോയെന്ന് അറിയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
ഈ ഭീഷണികളിൽ സോഷ്യൽ മീഡിയയുടെയും സൈബർ ചാനലുകളുടെയും പങ്കാളിത്തം സിവിൽ കേന്ദ്രമന്ത്രി ഊന്നിപ്പറഞ്ഞു. പല ഐപി വിലാസങ്ങളും വിദേശ സ്ഥലങ്ങളിലേക്ക് ചൂണ്ടിക്കാണിച്ചേക്കാം. എന്നാൽ, ഐപി അഡ്രസുകൾ വിപിഎൻ വഴി തിരിച്ചുവിടാൻ കഴിയും. ഇത് അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. ഭീഷണികൾ എവിടെനിന്നാണ് വരുന്നതെന്ന് പറയുക എന്റെ ചുമതലയല്ല. രഹസ്യാന്വേഷണ ഏജൻസി, ആവശ്യമായ വകുപ്പുകൾ എന്നിവരെല്ലാം ചേർന്ന് ഇതേ പറ്റി അന്വേഷിച്ചുവരികയാണ്. ആവശ്യമായ എല്ലാ നടപടികളും തങ്ങൾ കൈക്കൊള്ളുന്നുണ്ട്. അതിനാൽ തന്നെ നമ്മുടെ ആകാശയാത്രകളെല്ലാം സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനങ്ങൾക്ക് നേരെയുള്ള ഭീഷണികളെ തുടർന്ന് 600 കോടി രൂപയുടെ നഷ്ടമാണ് വ്യോമയാന മേഖലയിൽ സംഭവിച്ചത്. ഈ വ്യാജ ഭീഷണികൾക്ക് പിന്നിലുള്ള വ്യക്തികളെ തിരിച്ചറിഞ്ഞാൽ അവരെ നോ-ഫൈ്‌ള ലിസ്റ്റിൽ ഉൾപ്പെടുത്തും. സിവിൽ ഏവിയേഷനുമായി ബന്ധപ്പെട്ട നിയമവിരുദ്ധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന നിയമം ഭേദഗതി ചെയ്യാനും അത്തരം ഭീഷണികൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശനമായി ശിക്ഷിക്കാനുമാണ് തീരുമാനം. വിമാനത്താവളങ്ങളിലെ സുരക്ഷാ വർദ്ധിപ്പിച്ചിട്ടുണ്ട്. ഒന്നും നിസ്സാരമായി കാണുന്നില്ല. ആഭ്യന്തര മന്ത്രാലയം, രഹസ്യാന്വേഷണ ഏജൻസികൾ, നിയമപാലകർ എന്നിവരുമായി ചേർന്ന് ആവശ്യമായ എല്ലാ നടപടികളും നടത്തിവരികയാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉൾപ്പെടെ എല്ലാവരും തങ്ങളു െഈ സുരക്ഷാ ക്രമീകരണങ്ങളുമായി സഹകരിക്കണമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇത് ഒരു തരത്തിലുള്ള ഭയവും പരിഭ്രാന്തിയും പടർത്താനുള്ള നിമിഷമല്ല. ഭയപ്പെടാൻ ഒന്നുമില്ലെന്ന് രാജ്യത്തെ ജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. സ്ഥിതിഗതികൾ ഞങ്ങളുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post