കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിന്റ് പിപി ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലെ വിധി ഈ മാസം 29ന്. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെടി നിസാർ അഹമ്മദ് ആണ് കേസിൽ വാദം കേട്ടത്.
യാത്രയയപ്പ് ചടങ്ങിന് തന്നെ ക്ഷണിച്ചത് ജില്ലാ കളക്ടർ അരുൺ കെ വിജയനാണെന്ന് ദിവ്യ കോടതിയെ അറിയിച്ചു. കോടതി ഇടപെട്ടാൽ അന്വേഷണത്തിൽ സഹകരിക്കും. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകാൻ തയ്യാറാണെന്നും ദിവ്യ കോടതിയെ അറിയിച്ചിട്ടുണ്ട്. കോടതിയിലുടനീളം നവീൻ ബാബു അഴിമതിക്കാരനായ ഉദ്യോഗസ്ഥനാണെന്നാണ് പ്രതിഭാഗം വാദിച്ചത്. രണ്ട് പേർ നവീനെതിരെ പരാതി നൽകിയിരുന്നു. നിഷ്കളങ്കനാണെങ്കിൽ എന്തിനാണ് ചടങ്ങിൽ മൗനം പാലിച്ചതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചോദിച്ചു.
ദിവ്യയും പ്രശാന്തും ഒരു കൂട്ടുകെട്ടിന്റെ ഭാഗമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ വാദിച്ചു. ഇരുവരും തമ്മിൽ ബിനാമി ഇടപാടുകകൾ ഉണ്ടായിരുന്നു. ജില്ലാ കളക്ടർ കൂടി പങ്കാളിയായികൊണ്ടുള്ള ഗൂഡാലോചനയാണ് നടന്നിരിക്കുന്നത്. ചടങ്ങിൽ മൗനം പാലിച്ചത് നവീൻ ബാബുവിന്റെ മാന്യത കൊണ്ട് മാത്രമായിരുന്നു. ജീവനേക്കൾ വലുത് അഭിമാനമായതുകൊണ്ടാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്നും നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു.
അപമാനിക്കണം എന്ന ഉദ്ദേശത്തോടെ ദിവ്യ ആസൂത്രിതമായി നടത്തിയ നീക്കമാണ് നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും കോടതിയിൽ എഡിഎമ്മിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി. എന്തെങ്കിലും നടക്കുമോ എന്നാണ് പെട്രോൾ പമ്പ് വിഷയത്തിൽ ദിവ്യ എഡിഎമ്മിനോട് ചോദിച്ചിരുന്നത്. ഇത് ഇക്കാര്യത്തിൽ ദിവ്യയ്ക്കുള്ള വ്യക്തി താൽപര്യമാണ് കാട്ടുന്നത്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവർ തന്നെ പറയുന്നു. പിന്നെ എന്തിനാണ് പൊതുമധ്യത്തിൽ അപമാനിച്ചത്. യാത്രയയപ്പ് പരിപാടിയിൽ ദിവ്യയാണ് മാദ്ധ്യമപ്രവർത്തകനെ കൊണ്ടുവന്ന് വീഡിയോ ചിത്രീകരിച്ചത്. ആ വീഡിയോ പത്തനംതിട്ടയിൽ അടക്കം പ്രചരിപ്പിച്ചു. എഡിഎം ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ദിവ്യയുടെ ലക്ഷ്യം എന്നും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകൻ വാദിച്ചു.
Discussion about this post