ന്യൂയോർക്ക്: വീടുകളിലേക്ക് ഇനി ബഹിരാകാശത്ത് നിന്നും വൈദ്യുതി എത്തും. ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2030 ഓട് കൂടി ഈ പദ്ധതി പൂർത്തിയാകുമെന്നാണ് വിവരം.
സാറ്റ്‌ലൈറ്റിൽ നിന്നുമാണ് വൈദ്യുതി വീടുകളിലേക്ക് എത്തിക്കുന്നത്. ഇതിനായുള്ള സാറ്റ്‌ലൈറ്റിന്റെ വിക്ഷേപണം 2030 ആദ്യമാസം കമ്പനി പൂർത്തിയാക്കും. ഇത് വിജയകരമായി പൂർത്തിയായാൽ വൈദ്യുതി ഉത്പാദനത്തിൽ നിർണായക നേട്ടം ആയിരിക്കും ബ്രിട്ടൻ സ്വന്തമാക്കുക.
30 മെഗാവാട്ട് വൈദ്യുതിയാണ് ഇത്തരത്തിൽ ഭൂമിയിലേക്ക് എത്തിയ്ക്കുക. 3000 വീടുകളിലേക്ക് ആവശ്യമായ വൈദ്യുതി ധാരാളമായി ഇതിൽ നിന്നും ലഭിക്കും. ഉയർന്ന ആവൃത്തിയിലുള്ള റോഡിയോ തരംഗങ്ങൾ ആയിട്ടാകും വൈദ്യുതി ഭൂമിയിലേക്ക് എത്തിക്കുക. ഭൂമിയിൽ സ്ഥാപിച്ച ആന്റിനകൾ വഴി ഇത് ശേഖരിക്കും. ശേഷം വൈദ്യുതിയാക്കി ഇവ പവർഗ്രിഡുകളിലേക്ക് അയക്കും. ഇവിടെ നിന്നും കേബിളുകൾ വഴി വീടുകളിലേക്കും വിതരണം ചെയ്യും. 24 മണിക്കൂർ നേരവും സാറ്റ്‌ലൈറ്റിൽ നിന്നും വൈദ്യതി എത്തുന്ന തരത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
400 മീറ്റർ വീതി ഈ സാറ്റ്‌ലൈറ്റിന് ഉണ്ടാകും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതിൽ സോളാർ പാനലുകൾ ഘടിപ്പിച്ചിരിക്കും. 70.5 ടണ്ണാണ് ഇതിന്റെ ഭാരം. സ്‌പേസ് സോളാർ, റെയ്ക്ഷവിക് എനർജി എന്നിവയുമായി ചേർന്നുകൊണ്ടാണ് കമ്പനി പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സും ഇതിൽ പങ്കുചേരുമെന്നാണ് വിവരം. 800 മില്യൺ ഡോളറാണ് പദ്ധതിയ്ക്ക് ചിലവായി കണക്കാക്കുന്നത്.
Discussion about this post