കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും. അന്വേഷണസംഘത്തിന് മുമ്പാകെ ഹാജരാകാൻ പിപി ദിവ്യയെ സിപിഎം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. ചൊവ്വാഴ്ചയാണ് പിപി ദിവ്യയുടെ ജാമ്യപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുക.
അതേസമയം, നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പബ്ളിക് പ്രോസിക്യൂട്ടർ കെ അജിത്തുമായി കമ്മീഷണർ അജിത്ത് കുമാർ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് രാവിലെ പത്ത് മണിക്ക് അന്വേഷണ സംഘം യോഗം ചേരുന്നുണ്ട്.
ദിവ്യക്ക് ഒളിവിൽ കഴിയാൻ ഒത്താശ ചെയ്യുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടെ തന്നെ കണ്ണൂർ ടൗൺ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയേയും അന്വേഷണ സംഘത്തിൽ ചേർത്തതിൽ വിമർശനം ഉയരുന്നുണ്ട്. കണ്ണുർ റേഞ്ച് ഡിഐജി രാജ്പാൽ മീണ സംഘത്തിന് മേൽനോട്ടം വഹിക്കും. കണ്ണൂർ എസിപി രത്നകുമാർ സംഘത്തിന് മേൽനോട്ടം വഹിക്കും.
Discussion about this post