ജറുസലേം: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലര്‍ച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ടെഹ്‌റാന്റെ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സ്‌ഫോടനം ഉണ്ടായി. ഇസ്രായേലിന്റെ ആക്രമണത്തില്‍ ഇറാനില്‍ വലിയ രീതിയിലുള്ള നാശനഷ്ടങ്ങള്‍ ഉണ്ടായെന്നാണ് അന്താര്ഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഒക്ടോബര്‍ ഒന്നിനാണ് ഇസ്രായേലിനെ ലക്ഷ്യമാക്കി ഇറാന്‍ ഇരുന്നിലേറെ മിസൈലുകള്‍ തൊടുത്തുവിട്ടത്. ഇസ്രായേലിന് നേരെ ഇറാന്‍ തുടര്‍ച്ചയായി നടത്തിയ പരാക്രമങ്ങള്‍ക്ക് പകരമായാണ് ഇറാന്റെ സൈനിക കേന്ദ്രം ആക്രമിച്ചത്. ഇസ്രായേലില്‍ ഇറാന്‍ നടത്തിയ അപ്രതീക്ഷിത മിസൈല്‍ ആക്രമണത്തില്‍ കാര്യമായ ആളപായം ഉണ്ടായില്ലെങ്കിലും വലിയ രീതിയില്‍ തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേല്‍ അന്ന് വ്യക്തമാക്കിയിരുന്നു.
പത്ത് സെക്കന്‍ഡുകളുടെ വ്യത്യാസത്തിനിടയില്‍ ടെഹ്‌റാനില്‍ മാത്രം അഞ്ചിലധികം വലിയ സ്‌ഫോടനങ്ങള്‍ ഉണ്ടായെന്ന് റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഇറാനു നേരെ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രയേല്‍ തയാറെടുക്കുന്നതായി ചൂണ്ടിക്കാട്ടുന്ന അമേരിക്കന്‍ ഇന്റലിജന്‍സിന്റെ രേഖകള്‍ കഴിഞ്ഞ ആഴ്ചയില്‍ പുറത്ത് വിട്ടിരുന്നു. ഇസ്രയേലിന്റെ തിരിച്ചടി കൂടുതല്‍ രൂക്ഷമാക്കാന്‍ ഇടവരുത്തരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ബുധനാഴ്ച പറഞ്ഞു. ഇറാനില്‍ ഇന്ന് നടന്ന ആക്രമണത്തില്‍ പങ്കില്ലെന്ന് അമേരിക്കന്‍ അധികൃതര്‍ പറഞ്ഞു.
Discussion about this post