കൊച്ചി: ന്യൂസീലൻഡിലെ മലയാളികൾ അടക്കമുള്ള ഇന്ത്യൻ നഴ്‌സുമാർക്ക് ഇംഗ്ലീഷിൽ സംസാരിച്ചാൽ മതിയെന്ന നിർദേശം നൽകി ആശുപത്രികൾ. പാമേസ്റ്റൻ നോർത്ത് ഹോസ്പിറ്റൽ, വൈകറ്റോ തുടങ്ങിയ ആശുപത്രികളാണ് മലയാളത്തിന് വിലക്കേർപ്പെടുത്തിയത്. എച്ച്ആർ ഹെഡ്ഡിന്റെ മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വാട്‌സാപ്പ് ഓഡിയോ ഫയൽ മലയാളി സമൂഹത്തിലെ അംഗങ്ങൾക്ക് ലഭിച്ചിരുന്നു. ആശുപത്രി പൊതു ഇടങ്ങളിൽ എവിടെയും നഴ്‌സുമാർക്ക് പ്രാദേശിക ഭാഷയിൽ സംസാരിക്കുന്നത് അനുവദനീയമല്ല എന്നാണ് നിർദേശം.
മലയാളം സംസാരിക്കുന്ന നഴ്‌സുമാരോട് അനാദരവ് തോന്നുന്നു എന്ന രോഗിയുടെ പരാതിയെ തുടർന്നാണ് വിചിത്രമായ നിർദ്ദേശം എന്നാണ് റിപ്പോർട്ട്. ജോലിസ്ഥലത്ത് തങ്ങളുടെ സ്വന്തം ഭാഷ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന നിർദേശം വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ അല്ലാതെ മറ്റൊരു ഭാഷയിലും രോഗികളോട് സംസാരിക്കരുതെന്ന് വൈകറ്റോ ഹോസ്പിറ്റൽ നഴ്‌സുമാരോട് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു, ഏപ്രിലിൽ ക്രൈസ്റ്റ് ചർച്ച് ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിൽ സമാനമായ നിർദ്ദേശം പുറപ്പെടുവിച്ചതും ചർച്ചയായിരുന്നു. ആരോഗ്യവിഭാഗവും ഈ നിർദേശങ്ങളെ ന്യായീകരിക്കുകയാണ് ചെയ്തത്.
എല്ലാ ക്ലിനിക്കൽ സംവിധാനങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്ന് ആരോഗ്യവിഭാഗം പറയുന്നു.ഒരേ വാർഡിലുള്ള ഇന്ത്യൻ നഴ്‌സുമാർ ഭൂരിഭാഗവും പരസ്പരം സംസാരിക്കുന്നത് അവരുടെ സ്വന്തം ഭാഷകളിലാണെന്ന് നഴ്‌സിങ് ഹെഡ്ഡും പരാതി നൽകിയിരുന്നു. മലയാളം അടക്കമുള്ള ഇന്ത്യൻ ഭാഷകൾ വിലക്കിയ നടപടി നഴ്‌സുമാരിൽ ആശങ്ക ശക്തമാക്കിയിട്ടുണ്ട്. ജീവനക്കാരുടെ ഇടവേളകളിൽ പോലും ഒരാളുടെ മാതൃഭാഷാ ഉപയോഗം നിയന്ത്രിക്കുന്നത് യുക്തിരഹിതമാണെന്നും മലയാളി നഴ്‌സുമാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടി വിവേചനപരമാണെന്നും വിമർശനം ഉയരുന്നു.
Discussion about this post