ടെല്‍ അവീവ്: ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേല്‍ പങ്കുവെച്ചിട്ടുണ്ട്.
ഇറാന് നേരെ ആക്രമണം നടത്തിയ രണ്ട് യുദ്ധവിമാനങ്ങള്‍ സ്ത്രീകളാണ് നിയന്ത്രിച്ചിരുന്നത്. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനായി തങ്ങള്‍ എന്തും ചെയ്യും എന്ന അടിക്കുറിപ്പോടെയാണ് ഐ.ഡി.എഫ്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തില്‍ ആരുടെയും മുഖം വ്യക്തമല്ല.
ഇസ്രയേലിനെതിരെ ഇറാന്‍ ഈ മാസം ആദ്യം നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് തിരിച്ചടിയായാണ് കഴിഞ്ഞ ദിവസം ഇസ്രയേല്‍ ഇറാനെ ആക്രമിച്ചത്. സൈനികകേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള പ്രിസിഷന്‍ ആക്രമണമാണ് ഇസ്രയേല്‍ ഇറാനെതിരെ നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേലിന്റെ ആക്രമണത്തില്‍ നേരിയ നാശനഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായത് എന്നാണ് ഇറാന്‍ പ്രതികരിച്ചത്. എന്നാല്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെടുന്നത്. തങ്ങള്‍ പ്രത്യാക്രമണത്തിന് തയ്യാറെടുക്കുകയാണെന്നാണ് ഇറാന്‍ പറയുന്നത്.
Discussion about this post