കൊല്ലം : കൊല്ലത്ത് ഇൻസ്റ്റഗ്രാം താരം മോഷണക്കുറ്റത്തിന് അറസ്റ്റിൽ. ഇൻസ്റ്റഗ്രാം റീൽസുകളിലൂടെ ശ്രദ്ധ നേടിയിരുന്ന മുബീന എന്ന യുവതിയാണ് അറസ്റ്റിൽ ആയിരിക്കുന്നത്. കൊല്ലം ചിതറയിൽ നിന്നുമാണ് ഇവർ മോഷണം നടത്തിയിരുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടിൽ നിന്നായി 17 പവൻ സ്വർണമാണ് മുബീന മോഷ്ടിച്ചിരുന്നത്.
ഭജനമഠം സ്വദേശിനിയായ മുബീന ആഡംബര ജീവിതം നയിക്കുന്നതിന് ആയാണ് മോഷണം നടത്തിയിരുന്നത്. മുബീനയുടെ ഭർത്താവ് നാട്ടിൽ ഓട്ടോറിക്ഷ ഡ്രൈവറായി ജോലി നോക്കിയിരുന്ന വ്യക്തിയാണ്. അടുത്തിടെയാണ് അദ്ദേഹം ഗൾഫിൽ പോയിരുന്നത്. എങ്കിലും ആർഭാട ജീവിതം ആയിരുന്നു മുബീന നയിച്ചിരുന്നത്. ഒന്നര ലക്ഷം രൂപയോളം വിലയുള്ള ഫോൺ പോലും മുബീനയുടെ കൈവശം ഉണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ മുബീനയുടെ ഭർതൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടിൽ സൂക്ഷിച്ചിരുന്ന ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവൻ വീതമുള്ള രണ്ട് ചെയിൻ, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകൾ എന്നിവ കാണാതായിരുന്നു. ഇതിനെതിരെ മുനീറ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചിതറ പോലീസ് കേസെടുത്തത്.
പോലീസ് നടത്തിയ അന്വേഷണത്തിൽ അടുത്ത ദിവസങ്ങളിലായി സഹോദരി മുബീന മാത്രമായിരുന്നു മുനീറയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നത്. മുബീനയെ സംശയമുള്ളതായി സഹോദരി തന്നെ വ്യക്തമാക്കിയിരുന്നു. മുബീനയ്ക്കെതിരെ സുഹൃത്തായ യുവതിയും സമാനമായ രീതിയിൽ നേരത്തെ പരാതി നൽകിയിരുന്നു. ഇതോടെ പോലീസ് തെളിവുകൾ നിരത്തി ചോദ്യം ചെയ്തതോടെ മുബീന കുറ്റസമ്മതം നടത്തുകയായിരുന്നു.
Discussion about this post