കാസർകോട്: അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ നിരവധി പേർ ഗുരുതരാവസ്ഥയിൽ. 150 ലധികം പേർക്ക് പരിക്കേറ്റ അപകടത്തിൽ 8 ഓളം പേർ അതീവഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. പടക്കശേഖരത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടവുമായി ബന്ധപ്പെട്ട് ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അപകടത്തിനിടെ സ്വന്തം കടമ മറക്കാതെ കുഞ്ഞിന്റെ ജീവൻരക്ഷിച്ച പോലീസുകാരനെ ഓർക്കുകയാണ് ആളുകൾ. പൊട്ടിത്തെറി ഉണ്ടായ നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിന് മുൻപേ ആളുകളെ വകഞ്ഞുമാറ്റി പൊട്ടിത്തെറി ഉണ്ടായ ഇടത്തേക്ക് ഓടി രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു നിധിൻ പണിക്കരെന്ന പോലീസുകാരൻ.
പരിഭ്രാന്തരായി നാലുഭാഗത്തേക്കും ചിതറി ഓടുകയായിരുന്നു ജനം. ഇതിനിടെയാണ് തെയ്യം കലാകാരനായ നിധിൻ പണിക്കർ അപകടസ്ഥലത്തെത്തുന്നത്. തീ കത്തുന്നതിനിടയിലേക്ക് എടുത്തുചാടി,അവിടെ കുടുങ്ങിക്കിടക്കുന്ന കുട്ടിയെയും കൊണ്ട് പുറത്തേക്ക് വരികയായിരുന്നു.
‘വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുന്നത് കണ്ടു. പിന്നെ ഒന്നും നോക്കിയില്ല. വീട്ടുകാരെ ഓർക്കാനൊന്നും നേരം ഉണ്ടായിരുന്നില്ല. അങ്ങോട്ടേക്ക് ഓടുകയായിരുന്നു. മുമ്പിൽ പൊള്ളലേറ്റു കിടക്കുന്ന കുട്ടികളും സ്ത്രീകളും. തീ കണ്ടു, കുട്ടി പെട്ടുകിടക്കുന്നത് കണ്ടപ്പോൾ ഒന്നും നോക്കിയില്ല. പടക്കം ഉണ്ടായോ എന്നൊന്നും നോക്കിയില്ല…’നിധിൻ പണിക്കർ പറയുന്നു.
Discussion about this post