തന്റെ മൊഴികളിലെ കാര്യങ്ങൾ പൂർണമായും പുറത്ത് വന്നിട്ടില്ലെന്ന് കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയൻ. താൻ പറയുന്ന കാര്യങ്ങൾ പലതും അന്വേഷണത്തെ ബാധിക്കുമെന്നുള്ളതു കൊണ്ടാണ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പലതും തുറന്ന് പറയാറില്ല. അന്വേഷണ സംഘത്തിന് മുമ്പിൽ സത്യസന്ധമായി മൊഴി നൽകിയിട്ടുണ്ട്. എല്ലാ കാര്യങ്ങളും തുറന്ന് പറഞ്ഞിട്ടുണ്ട്. കോടതി വിധിയിൽ പുറത്ത് വന്ന കാര്യങ്ങളല്ലാതെ മറ്റൊന്നും പുറത്ത് പറയാൻ തയ്യാറല്ല. അന്വേഷണം നടക്കട്ടെയെന്നും ജില്ല കളക്ടർ വ്യക്തമാക്കി.
കോടതി വിധിയിൽ വന്ന മൊഴി നിഷേധിക്കുന്നില്ല. എന്നാൽ, മൊഴി പൂർണമായും പുറത്ത് വന്നിട്ടില്ല. തന്റെ കൂടെ എട്ട് മാസത്തോളം ഉണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് നവീൻ ബാബു. കുടുംബത്തിന് നൽകിയ കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ് അദ്ദേഹതെത്ത കുറിച്ച് ഇനിയും പറയാനുള്ളൂ. തനിക്ക് തെറ്റ് പറ്റിയെന്ന് ജില്ല കളക്ടറുടെ ചേംബറിൽ വന്ന് എഡിഎം നവീൻ കുമാർ സമ്മതിച്ചിട്ടുണ്ടെന്ന് കളക്ടർ സ്ഥിരീകരിച്ചു. ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.
അതേസമയം, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇന്നലെ പോലീസിന് മുമ്പിൽ കീഴടങ്ങിയ ദിവ്യയെ മൂന്ന് മണിക്കൂർ ആണ് ചോദ്യം ചെയ്തത്. പല ചോദ്യങ്ങൾക്കും അന്വേഷണ സംഘത്തിന് മുമ്പിൽ ദിവ്യ പതറി. എഡിഎം പണം വാങ്ങിയത് എങ്ങനെ അറിയാമെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ദിവ്യ തയ്യാറായില്ല. ചാനൽ വീഡിയോ ഗ്രാഫറെ വിളിച്ചു വരുത്തിയ കാര്യങ്ങൾ ഉൾപ്പെടെ പിപി ദിവ്യ സമ്മതിച്ചു.












