കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിലിൽ കഴിയുന്ന പിപി ദിവ്യയുടെ റിമാൻഡ് റിപ്പോർട്ടിെല വിവരങ്ങൾ പുറത്ത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ പിപി ദിവ്യ എത്തിയത് ആസൂത്രിതമായി ആണെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്. ഇന്നലെ തളിപ്പറമ്പ് മജിസ്ട്രേറ്റിന് മുമ്പാകെ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ദിവ്യക്കെതിരെ ഗുരതരമായ പരാമർശങ്ങളുള്ളത്.
പ്രസംഗം ചിത്രീകരിക്കാൻ വീഡിയോ ഗ്രാഫറെ ഏർപ്പെടുത്തിയത് ദിവ്യയാണ്. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പ്രചരിപ്പിച്ചു. കുറ്റകൃത്യം നടത്തണമെന്ന ആസൂത്രിതമായ നീക്കത്തോടെയാണ് ദിവ്യ യാത്രയയപ്പ് ചടങ്ങിനെത്തിയത്. കുറ്റവാസനയോട് കൂടി എഡിഎമ്മിനെ വ്യക്തിഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ് പോയത്. ആരും ക്ഷണിക്കാതെയാണ് അവർ ചടങ്ങിൽ എത്തിയത്. ദിവ്യയെ ക്ഷണിച്ചുവെന്ന് ഒരു മൊഴി പോലും ലഭിച്ചിട്ടില്ല. പ്രസംഗത്തിലെ വരികളും ഇതിന് തെളിവാണ്. അന്വേഷണവുമായി സഹകരിക്കാതെ ഒളിവിൽ കഴിഞ്ഞു. പിപി ദിവ്യയുടെ ക്രിമിനൽ മനോഭാവം വെളിവായെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റിമാൻഡ് റിപ്പോർട്ട്. ചടങ്ങിലെ ദിവ്യയുടെ പ്രസംഗത്തിന്റെ വീഡിയോ വലിയ തെളിവാണ്. അതേസമയം, ദിവ്യക്കെതിരെ പാർട്ടി നടപടി ഉടനുണ്ടാവില്ല. നിയമപരമായ നടപടിയുണ്ടായിട്ടും പിപി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം എടുക്കുന്നത്. ഇന്ന് ചേർന്ന കണ്ണൂർ സെക്രട്ടേറിയറ്റ് യോഗത്തിലും കേസ് ചർച്ച ചെയ്തിട്ടില്ല.
Discussion about this post