വഡോദര: ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ പുറത്തുനിന്നുള്ള ശക്തികൾ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കി ലോകത്തിന് മുൻപിൽ ഇന്ത്യയെ അവഹേളിക്കാനാണ് ഈ ശക്തികൾ ലക്ഷ്യമിടുന്നത്. ഈ ശക്തികൾ രാജ്യത്തിന്റെ വികസനത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ഏകതാ ദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
കമ്യൂണിസ്റ്റ് ഭീകരർ കാടുകളിൽ അവസാനിക്കുമ്പോൾ അർബൻ നക്‌സലുകൾ തല ഉയർത്തുന്നു. ഐക്യത്തോടെയിരുന്നാൽ നിങ്ങൾ സുരക്ഷിതരാണെന്ന് പറയുന്നവരെ അർബൻ നക്‌സലുകൾ ലക്ഷ്യമിടുന്നു. ഇത്തരക്കാരെ നാം തിരിച്ചറിയണം. ഇവരുടെ മുഖംമൂടി വലിച്ച് കീറണം എന്നും പ്രധാനമന്ത്രി പറഞ്ഞു.
വിവിധ സംസ്‌കാരങ്ങളും ഭാഷയും ഉള്ള ഇന്ത്യയിൽ ഐക്യം സാദ്ധ്യമാണോയെന്ന് ചിലർ സംശയിച്ചിരുന്നു. എന്നാൽ ഈ സംശയങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് സർദാർ വല്ലഭായ് പട്ടേൽ തെളിയിച്ചുതന്നു. നമ്മുടെ ഇന്ത്യ ഒരു രാജ്യം ഒരു നിയമം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാകുന്നതിലൂടെ നമ്മുടെ രാജ്യം ഒന്നുകൂടി ശക്തിപ്പെടും. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന രീതി നടപ്പിലാക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ഇത് നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
70 വർഷത്തിനിടെ ആദ്യമായി ജമ്മു കശ്മീരിൽ ഒരു മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 10 വർഷക്കാലത്തെ കേന്ദ്രസർക്കാരിന്റെ നിരന്തര പ്രയത്‌നത്തിന്റെ ഫലമാണ് ഇത്. രാജ്യത്ത് കമ്യൂണിസ്റ്റ് ഭീകരവാദം അതിന്റെ അന്ത്യശ്വാസം എടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് നമ്മുടെ രാജ്യം വലിയ സന്തോഷത്തിലാണ്. 60 വർഷക്കാലമായി രാജ്യം ഭരിച്ച യുപിഎ സർക്കാർ ഡോ.ബി ആർ അംബേദ്കറിന്റെ ഭരണഘടന പൂർണമായും രാജ്യത്ത് നടപ്പാക്കിയിട്ടില്ല. മാത്രവുമല്ല നമ്മുടെ ഭരണഘടനയെ അവഹേളിച്ചിട്ടുമുണ്ട്. ആർട്ടിക്കിൽ 370 റദ്ദാക്കാൻ യുപിഎ സർക്കാരിന് കഴിയാതിരുന്നത് കഴിവുകേടാണ്. എൻഡിഎ സർക്കാർ ആർട്ടിക്കിൾ 370 എന്ന നിയമത്തെ പൂർണമായും കുഴിച്ചുമൂടിയെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post