ന്യൂഡൽഹി : കുട്ടിക്ക് ചിലവിന് കൊടുക്കാൻ ഭർത്താവിന് ബാധ്യതയുണ്ടെന്ന് പഞ്ചാബ് -ഹരിയാന ഹൈക്കോടതി. ഭാര്യയ്ക്ക് ആവശ്യത്തിന് വരുമാനം ഉണ്ടങ്കിലും കുട്ടിയുടെ ചിലവ് ഭർത്താവ് നൽകണം എന്ന് കോടതി ചൂണ്ടിക്കാട്ടി . ദമ്പതിമാരുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട കേസിൽ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
പ്രായപൂർത്തിയാവാത്ത കുട്ടിക്ക് പ്രതിമാസം ഏഴായിരം രൂപ ഇടക്കാല ചിലവിനായി നൽകണം എന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. ഇതിൽ കുടുംബകോടതി പണം നൽകണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് ഭർത്താവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭാര്യയ്ക്ക് നല്ല വരുമാനം ഉണ്ട്. അതിനാൽ കുട്ടിക്ക് ചിലവിന് നൽകേണ്ടതില്ലെന്ന ഭർത്താവിന്റെ വാദമാണ് ഹൈക്കോടതി തള്ളിയത്.
തനിക്ക് 22,000 രൂപ മാത്രമാണ് ശമ്പളമെന്നും കുടുംബത്തിൽ ആറുപേർ തന്നെ ആശ്രയിച്ചാണ് കഴിയുന്നതെന്നും ഭർത്താവ് വാദിച്ചു. ഭാര്യയ്ക്ക് ആവശ്യത്തിന് വരുമാനമുണ്ടെന്നും ഭർത്താവ് പറഞ്ഞു.
മാതാപിതാക്കളെ ആശ്രയിച്ചുകഴിയുന്ന പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് മാന്യമായ ജീവിതനിലവാരം ഉറപ്പാക്കാൻ പിതാവിന് ബാധ്യതയുണ്ട്. ഭാര്യക്ക് വരുമാനമുള്ള ജോലിയുണ്ടെന്നത് കുട്ടിയോടുള്ള ഭർത്താവിന്റെ ബാധ്യത ഇല്ലാതാക്കുന്നില്ലെന്ന് ജസ്റ്റിസ് സുമീത് ഗോയൽ വ്യക്തമാക്കി.
Discussion about this post