ന്യൂഡൽഹി: രാജ്യത്ത് ചൈനീസ് പൗരന്മാർക്കെതിരെ ആവർത്തിച്ചുള്ള ആക്രമണങ്ങളുടെ പേരിൽ ഇസ്ലാമാബാദിനെ പരസ്യമായി കുറ്റപ്പെടുത്തി ചൈനീസ് നയതന്ത്ര പ്രതിനിധി ജിയാങ് സെയ്‌ഡോംഗ്. പാകിസ്താനിൽ ജോലി ചെയ്യുന്ന ചൈനീസ് പൗരന്മാരുടെ സുരക്ഷയ്ക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും ചൈനീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. എന്നാൽ ചൈനീസ് പ്രതിനിധിയുടെ ഈ ആവശ്യത്തിന് പിന്നാലെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ആശ്ചര്യം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നിട്ടുണ്ട്.
അസ്ഥിരമായ അന്തരീക്ഷം ഉഭയകക്ഷി പദ്ധതികൾക്ക്, പ്രത്യേകിച്ച് CPEC യുമായി ബന്ധപ്പെട്ടവയ്ക്ക് തടസ്സമാകുമെന്ന് അംബാസഡർ മുന്നറിയിപ്പ് നൽകി, ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത പങ്കാളിത്തം നിലനിർത്തുന്നതിനും മുന്നോട്ട് കൊണ്ടുപോകുന്നതിനും ചൈനീസ് തൊഴിലാളികളുടെ സംരക്ഷണം അത്യന്താപേക്ഷിതമാണെന്നും കൂട്ടിച്ചേർത്തു.
“ആറു മാസത്തിനുള്ളിൽ ഞങ്ങൾ രണ്ടുതവണ ആക്രമിക്കപ്പെടുന്നത് വളരെ അസ്വീകാര്യമാണ്, മാത്രമല്ല ഈ ആക്രമണങ്ങൾ ആളപായത്തിനും കാരണമായി,” ജിയാങ് പറഞ്ഞു.
“ഇത്തരം ഭീകരപ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാനും കുറ്റവാളികളെ കണ്ടെത്തി പിടികൂടുകയും ശിക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ പരിഹാര നടപടികൾ കൈക്കൊള്ളാൻ” പാകിസ്ഥാനോട് ജിയാങ് ആഹ്വാനം ചെയ്തു.
അതെ സമയം ചൈനയുടെ ഇത്തരത്തിലുള്ള തുറന്ന മറുപടിയുടെ ഞെട്ടലിലാണ് പാകിസ്താൻ.
നയതന്ത്ര പ്രതിനിധിയുടെ പ്രസ്താവനകളിൽ പാകിസ്ഥാൻ ആശയക്കുഴപ്പത്തിലാണെന്ന് വ്യാഴാഴ്ച ഒരു മാധ്യമ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് മുംതാസ് സഹ്‌റ ബലോച്ച് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ ബന്ധം അല്ല, ചൈനീസ് നയതന്ത്ര പ്രതിനിധിയുടെ ഭാഷയിൽ പ്രതിഫലിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തി തർക്കങ്ങൾ പരിഹരിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നോക്കുകയാണെങ്കിൽ, ശ്രദ്ധേയമായ മാനമാണ് ചൈനീസ് നയതന്ത്ര പ്രതിനിധിയുടെ ഈ തുറന്നു പറച്ചിലിന് നൽകപ്പെടുന്നത്
Discussion about this post