ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. അനന്തനാഗിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടലിനോട് അനുബന്ധിച്ചുള്ള തിരച്ചിൽ പ്രദേശത്ത് തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു.
ഷംഗൂസ് ലാർനോയിലെ ഹൾക്കാൻ ഗാനി മേഖലയിൽ ആയിരുന്നു ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. ഇവിടെയെത്തിയതിന് പിന്നാലെ പരിശോധന ആരംഭിച്ചു. എന്നാൽ ഇതിനിടെ ഭീകരർ ഇവരെ ആക്രമിക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ട് ഭീകരരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഭീകരരിൽ ഒരാൾ കശ്മീർ സ്വദേശിയാണെന്നും രണ്ടാമത്തെയാൾ പാകിസ്താനിയാണെന്നും വ്യക്തമായിട്ടുണ്ട്. മറ്റ് വിശദാംശങ്ങൾ സുരക്ഷാ സേന ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സുരക്ഷാ സേന പുറത്തുവിട്ടിട്ടില്ല.
ശ്രീനഗറിലെ ഖൻയാർ മേഖലയിൽ രാവിലെ ഏറ്റുമുട്ടൽ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനന്തനാഗിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ശ്രീനഗറിൽ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇവിടെ ഭീകരനെ സുരക്ഷാ സേന വളഞ്ഞിരിക്കുകയാണെന്നാണ് വിവരം.
രാവിലെ ബുദ്ഗാം ജില്ലയിൽ ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേർക്ക് ഭീകരർ വെടിയുതിർത്തിരുന്നു. ഇതിന് പിന്നാലെ കശ്മീരിൽ സുരക്ഷാസേന വ്യപക തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
Discussion about this post