ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ ഹൈദരാബാദിലെ ഗോഡൗണില്‍ നിന്ന് പാക്കേജിംഗ് ഡേറ്റുകള്‍ മുന്‍കൂറായി എഴുതിച്ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്.
ഒക്ടോബര്‍ 29നാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഗോഡൗണില്‍ പരിശോധന നടത്തിയത്. പാക്കേജിംഗ് ഡേറ്റ് ഒക്ടോബര്‍ 30 എന്ന് രേഖപ്പെടുത്തിയ 18 കിലോ ബട്ടണ്‍ കൂണുകള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സൊമാറ്റോയുടെ ഹൈദരാബാദിലെ കുക്കട്ട്പള്ളിയിലെ ഹൈപ്പര്‍പ്യുവര്‍ വെയര്‍ഹൗസില്‍ നിന്നാണ് ഇവ പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം, സംഭവത്തില്‍ ഇതുവരെ സൊമാറ്റോയുടെ പ്രതികരണം ലഭ്യമായിട്ടില്ല. ലൈസന്‍സുണ്ടെങ്കിലും പ്രാണികളെയും ഈച്ചകളെയും പിടിക്കാനുള്ള ഇന്‍സെക്ട് പ്രൂഫ് സ്‌ക്രീന്‍ വെയര്‍ഹൗസില്‍ ഉണ്ടായിരുന്നില്ലെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ടു ചെയ്തു. അതിനാല്‍ പരിശോധന നടക്കുന്ന സമയം വെയര്‍ഹൗസിനുള്ളില്‍ ഈച്ചകളെ കണ്ടെത്തി. കൂടാതെ, ചില ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്തിരുന്നവര്‍ ഹെയര്‍ക്യാപ്പുകളും ഏപ്രണുകളും ധരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
സൊമാറ്റോയ്ക്ക് ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍ക്കുള്ള(എഫ്ബിഒ) ലൈസന്‍സ്, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുകള്‍, കീടനിയന്ത്രണ രേഖകള്‍ എന്നിവയെല്ലാം ഉണ്ടായിരുന്നിട്ടും പരിശോധനയില്‍ പോരായ്മകള്‍ മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Discussion about this post