ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിൽ നിന്നും വെടിമരുന്ന് കാട്രിഡ്ജ് കണ്ടെത്തി. ഇന്ത്യൻ വിമാന സർവീസുകൾക്ക് നേരെ തുടർച്ചയായി ബോംബ് ഭീഷണി ഉണ്ടാകുന്നതിനിടെ ആണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായിരിക്കുന്നത്. ദുബായിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലാണ് വെടിമരുന്ന് കാട്രിഡ്ജ് കണ്ടെത്തിയത്.
വിമാനത്തിന്റെ സീറ്റ് പോക്കറ്റിൽ സൂക്ഷിച്ച നിലയിലാണ് വെടിമരുന്ന് കാട്രിഡ്ജ് കണ്ടെത്തിയത്. ഉടൻ തന്നെ എയർപോർട്ട് പോലീസിൽ പരാതി നൽകിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു. എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചുകൊണ്ട് യാത്രക്കാരെ പുറത്തിറക്കിയതായും എയർ ഇന്ത്യ വ്യക്തമാക്കി.
കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ 510-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾക്കാണ് ബോംബ് ഭീഷണികൾ ലഭിച്ചിരുന്നത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ ഇതെല്ലാം വ്യാജമായിരുന്നെന്ന് കണ്ടെത്തിയെങ്കിലും വിമാനയാത്രക്കാർക്ക് ഇത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. വിമാനക്കമ്പനികൾക്കെതിരായ ബോംബ് ഭീഷണിയുടെ എല്ലാ കേസുകളും നിയമ നിർവ്വഹണ ഏജൻസികൾ സജീവമായി പിന്തുടരുകയാണെന്നും സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ രാംമോഹൻ നായിഡു അറിയിച്ചു.
Discussion about this post