ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വായുമലിനീകരണം വീണ്ടും അതിതീവ്രനിലയിലേക്കെന്ന് റിപ്പോര്‍ട്ട് . ഞായറാഴ്ച രാവിലത്തെ വായു ഗുണനിലവാര റിപ്പോര്‍ട്ടുകള്‍ പ്രകാരം വായുഗുണനിലവാര സൂചിക അഥവാ എ.ക്യു.ഐ 507 ആണ്. ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചിരിക്കുന്ന പരമാവധി മലിനീകരണ തോതിനേക്കാള്‍ 65 മടങ്ങ് അധികമാണിതെന്നോര്‍ക്കണം.
മുമ്പ് തന്നെ വായുമലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള പടക്കംപൊട്ടിക്കലാണ് സ്ഥിതി ഇത്രയും രൂക്ഷമാകാന്‍ ഇടയാക്കിയതെന്നാണ് സൂചന. എ.ക്യു.ഐ 327 എന്ന നിരക്കില്‍നിന്നാണ് 507-ലേക്ക് വെറും 12 മണിക്കൂര്‍ കൊണ്ട് എത്തിച്ചേര്‍ന്നത്. വായുമലിനീകരണ പ്രതിരോധത്തിനായി ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാന്‍ (ഗ്രാപ്പ് ll) രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.
വായുമലിനീകരണം പരിധി പിന്നിട്ടതോടെ ഡല്‍ഹി വാസികളായ പലര്‍ക്കും വായുമലിനീകരണം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. 21,000 പേര്‍ പങ്കെടുത്ത സര്‍വേ പ്രകാരം 69 ശതമാനം വരുന്ന കുടുംബങ്ങളിലെ ആര്‍ക്കെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ട്. 62 ശതമാനം ജനങ്ങള്‍ക്ക് കണ്ണുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Discussion about this post