എറണാകുളം: മോഹൻലാലിനൊപ്പമുള്ള അനുഭവം പങ്കുവച്ച് സംവിധായകൻ ആലപ്പി അഷ്‌റഫ്. അഭിനയത്തോടുള്ള മോഹൻലാലിന്റെ ആത്മാർത്ഥതയെക്കുറിച്ചും മനുഷ്യസ്‌നേഹത്തെക്കുറിച്ചുമുള്ള അനുഭവം ആണ് അദ്ദേഹം സിനിമാ പ്രേമികളുമായി പങ്കുവച്ചത്. മോഹൻലാലിന്റെ സീനുകൾ തന്റെ സിനിമയിൽ നിന്നും ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടായി എന്നും അദ്ദേഹം പറയുന്നു.
ഒരു മാടപ്രാവ് എന്ന സിനിമ ചെയ്യുമ്പോഴുണ്ടായിരുന്ന അനുഭവങ്ങളെക്കുറിച്ച് പറയുന്നതിനിടെ ആണ് ആലപ്പി അഷ്‌റഫ് മോഹൻലാലിന്റെ കാര്യവും പറഞ്ഞത്. സിനിമയിൽ പ്രേംനസീർ ആണ് പ്രധാന കഥാപാത്രം. അദ്ദേഹത്തിനൊപ്പം ആ സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും അഭിനയിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
75,000 രൂപ പ്രതിഫലമായി നൽകിയായിരുന്നു പ്രേംനസീറിനെ സിനിമയിലേക്ക് ക്ഷണിച്ചത്. അന്ന് മമ്മൂട്ടിയ്ക്ക് സിനിമയിൽ അഭിനയിക്കാൻ 25,000 രൂപയും പ്രതിഫലം നൽകി. നസീറിനെയും നായികയായ സീമയെയും കണ്ടതിന് ശേഷം ആയിരുന്നു മമ്മൂട്ടിയെയും മോഹൻലാലിനെയും കാണാൻ പോയത്. മമ്മൂട്ടിയുമായി പ്രതിഫലത്തെക്കുറിച്ച് ധാരണയാക്കി. എന്നാൽ ഇതേ സ്ഥാനത്ത് പ്രതിഫലം നോക്കാതെ താൻ അഭിനയിക്കാൻ തയ്യാറാണെന്ന് മോഹൻലാൽ പറയുകയായിരുന്നു.
അധികം വൈകാതെ ഷൂട്ടിംഗ് ആരംഭിച്ചു. നസീറും മോഹൻലാലും തമ്മിലുള്ള സംഘട്ടനം ചിത്രീകരിക്കുകയാണ്. ഡ്യൂപ്പിനെ ഉപയോഗിച്ചാണ് ഇത് ചിത്രീകരിക്കുന്നത്. മോഹൻലാലിന്റെ ഡ്യൂപ്പിനുള്ള ഡ്രസ് ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് വേളയിൽ ആണ് ഇതറിഞ്ഞത്. തുടർന്ന് മോഹൻലാൽ തന്റെ ഷർട്ട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിട്ട് ഡ്യൂപ്പ് ഫൈറ്റ് തുടങ്ങി. ഷർട്ട് ആകെ വിയർത്ത് വെള്ളത്തിൽ കുതിർന്നപോലെയായി. ശേഷം മോഹൻലാലിന്റെ രംഗങ്ങൾ ചിത്രീകരിക്കണം. ഈ സമയം അദ്ദേഹം ഡ്യൂപ്പ് ഉപയോഗിച്ച ആ വിയർപ്പുള്ള ഷർട്ട് ധരിക്കുകയായിരുന്നു. വേണ്ടെന്ന് പറഞ്ഞപ്പോൾ അയാളും നമ്മളെ പോലെ മനുഷ്യൻ അല്ലെ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ദൗർഭാഗ്യം എന്ന് പറയട്ടെ പിന്നീട് മോഹൻലാലിന്റെ സീനുകൾ അദ്ദേഹത്തിന്റെ അനുമതിയോടെ തന്നെ സിനിമയിൽ നിന്നും എടുത്തു കളയേണ്ട അവസ്ഥയുണ്ടായി എന്നും ആലപ്പി അഷ്‌റഫ് കൂട്ടിച്ചേർത്തു.
Discussion about this post