കാക്ക പാറി വന്നു പാറമേലിരുന്നു,കാക്ക പാറി പോയി, പാറ ബാക്കിയായി… ചെറുപ്പത്തിൽ നമ്മളിൽ പലരും ആവർത്തിച്ചാവർത്തിച്ച് പാടിയ രണ്ടുവരിയാകും ഇത്. സൂത്രക്കാരനും വൃത്തിക്കാരനുമായ കാക്ക അങ്ങനെ നമുക്ക് കുഞ്ഞിലേ പരിചയക്കാരനാണ്. ഇതിലെ സ്പ്ലെൻഡൻസ് എന്ന സ്പീഷിസ് നാമത്തിന് ലാറ്റിനിൽ അർത്ഥം തന്നെ അതിബുദ്ധി എന്നാണേ്രത കോർവസ് ജനുസിൽ പെട്ട റാവെൻ എന്ന ഇനം കാക്കയും, കാലിഡോണിയൻ കാക്കയും ഒക്കെ ബുദ്ധിയുടെ കാര്യത്തിൽ കേമൻമാരാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പേനക്കാക്ക, കാവതി കാക്ക, എന്നൊക്കെ വിളിപ്പേരുള്ള- കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടു കാക്ക ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം .അവയേക്കാൾ അൽപ്പം വലിപ്പക്കൂടുതലുള്ള, മൊത്തം കടും കറുപ്പ് നിറമുള്ള ബലിക്കാക്ക ആണ് രണ്ടാമത്തെ ഇനം. ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ്.ശരീരവലിപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ വലിയ തലച്ചോറാണ് കാക്കക്കൾക്ക്. ബുദ്ധിശക്തിയിൽ ചില്ലറക്കാരോടല്ല മനുഷ്യനോട് ഏറെ അടുത്ത് നിൽക്കുന്ന ആൾക്കുരങ്ങുകളോടാണ് ഇവയുടെ മത്സരം.
കാക്കയെ കുറിച്ചുള്ള മറ്റൊരു ഞെട്ടിപ്പിക്കുന്ന വസ്തുത കൂടി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. കാക്കകളുടെ പ്രതികാരബുദ്ധിയാണിപ്പോൾ ചർച്ചാവിഷയം. നമ്മൾ മനസിൽ ചിന്തിക്കുക പോലും ചെയ്യാത്ത അത്ര കടുത്ത പ്രതികാരബുദ്ധിയാണ് ഇവർക്ക്. തങ്ങളെ ഉപദ്രവിച്ച ഒരാളെ 17 വർഷം വരെ ഓർത്ത് വയ്ക്കാനും, തക്കം കിട്ടുമ്പോൾ പ്രതികാരം ചെയ്യാനും കാക്കകൾക്ക് ആകുമത്രേ.വാഷിംഗ്ടൺ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രൊഫസർ ജോൺ മാർസ്‌ലഫ് നടത്തിയ ഗവേഷണത്തിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്.
2006 ലാണ് അദ്ദേഹം കാക്കയുടെ പ്രതികാരം സംബന്ധിച്ച് ഗവേഷണം ആരംഭിച്ചത്. ഇതിനായി അദ്ദേഹം ചെയ്തത് എന്തെന്നോ. പരീക്ഷണത്തിനായി അദ്ദേഹം ഒരു പിശാചിൻറെ മുഖംമൂടി ധരിക്കുകയും ഏഴ് കാക്കകളെ വലയിട്ട് പിടികൂടുകയും ചെയ്തു. പിന്നീട് ഇവയെ തിരിച്ചറിയുന്നതിനായി അദ്ദേഹം അവയുടെ ചിറകുകളിൽ അടയാളങ്ങൾ രേഖപ്പെടുത്തിയ ശേഷം പരിക്കുകളൊന്നുമില്ലാതെ സ്വതന്ത്രമാക്കി. എന്നാൽ, പിന്നീട് ആ ഏഴ് കാക്കകളും തങ്ങളെ പിടികൂടിയ ആളെ തേടി നടന്നു. എപ്പോഴൊക്കെ കാമ്പസിലേക്ക് മാസ്‌കും ധരിച്ച് പ്രൊഫസർ ജോൺ മാർസ്‌ലഫ് എത്തിയോ അപ്പോഴൊക്കെ കാക്കകൾ അദ്ദേഹത്തെ വട്ടമിട്ട് ആക്രമിച്ചു. ഏറ്റവും രസകരമായ കാര്യം, ഈ ആക്രമണങ്ങളിലൊന്നും ആ ഏഴ് കാക്കകൾ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. കൂട്ടുകാരെയും കൂട്ടി സംഘമായിട്ടായിരുന്നു ആക്രമണം അത്രയും. കാക്കകളുടെ ഈ ആക്രമണം ഏഴ് വർഷത്തോളം തുടർന്നു. 2013 -ന് ശേഷം കാക്കകളുടെ ആക്രമണം പതുക്കെ കുറയാൻ തുടങ്ങി. ഒടുവിൽ തൻറെ പരീക്ഷണം തുടങ്ങി 17 വർഷത്തിന് ശേഷം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, പ്രൊഫസർ ജോൺ മാർസ്‌ലഫ് മാസ്‌ക് ധരിച്ച് വീണ്ടും പുറത്തിറങ്ങി. അന്ന് കാക്കകൾ അദ്ദേഹത്തെ ആക്രമിച്ചില്ലത്രേ.
കാക്കകൾക്ക് സസ്തനികളിലെ അമിഗ്ഡാലയ്ക്ക് സമാനമായ മസ്തിഷ്‌ക മേഖലയുണ്ടെന്ന് മാർസ്ലഫ് കണ്ടെത്തി. ഇത് വികാരങ്ങൾ പ്രോസസ്സ് ചെയ്യുന്ന തലച്ചോറിന്റെ ഭാഗമാണ്. കാക്കകൾക്ക് മനുഷ്യൻറെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിക്കാനും ഒപ്പം മനുഷ്യരുടെ മുഖങ്ങൾ തിരിച്ചറിയാൻ പോലും കഴിയുമത്രേ. തങ്ങൾക്കെതിരെ ഒരു ഭീഷണിയുണ്ടെന്ന് കണ്ടാൽ അയാളെ തിരിച്ചറിയാനും ഓർത്ത് വയ്ക്കാനും ഇത് മൂലം കാക്കകൾക്ക് കഴിയുന്നു. മാത്രമല്ല, ഈ പക തങ്ങളുടെ കൂട്ടത്തിലെ മറ്റുള്ളവരിലേക്ക് കൈമാറാനും ഇതുവഴി ഒരു കൂട്ട ആക്രമണം നടത്താനും കാക്കകൾക്ക് സാധിക്കും.
Discussion about this post