മുംബൈ : ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ശരദ് പവാർ. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് എൻസിപി ശരദ് പവാർ വിഭാഗത്തിൽ തലമുറ മാറ്റം പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാവരും തന്റെ ചെറു മകന് വോട്ട് ചെയ്യണമെന്നും ശരദ് പവാർ ആവശ്യപ്പെട്ടു.
നിലവിൽ രാജ്യസഭാംഗമാണ് ശരദ് പവാർ. ഒന്നരവർഷം കൂടിയാണ് അദ്ദേഹത്തിന് രാജ്യസഭയിൽ ബാക്കിയുള്ളത്. ഇക്കാര്യം വ്യക്തമാക്കിയാണ് ഇനി ഭാവിയിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ ഇല്ല എന്ന് ശരദ് പവാർ വ്യക്തമാക്കിയിരിക്കുന്നത്. ഇനി പുതിയ തലമുറയുടെ സമയമാണ് വരുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു.
ചെറുമകൻ യുഗേന്ദ്ര പവാറിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായാണ് ശരദ് പവാറിന്റെ ഈ പ്രഖ്യാപനം. എൻസിപി അജിത് പവാർ വിഭാഗം നേതാവും ശരദ് പവാറിന്റെ സഹോദര പുത്രനുമായ അജിത് പവാറിനെതിരെ ആണ് ബാരാമതി മണ്ഡലത്തിൽ യുഗേന്ദ്ര പവാർ മത്സരിക്കുന്നത്. ബാരാമതിയിൽ നിന്നും 7 തവണ മഹാരാഷ്ട്ര നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള അജിത് പവാറിനെതിരെ ഇത്തവണ സ്വന്തം ചെറുമകനെ തന്നെ രംഗത്തിറക്കി പരീക്ഷണം നടത്തുകയാണ് ശരദ് പവാർ.
Discussion about this post