ഫ്‌ലിപ്കാര്‍ട്ടും മീഷോയും ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രങ്ങളുള്ള ടി- ഷര്‍ട്ടുകള്‍ വില്പനയ്ക്ക് വെച്ചതിനെതിരെ രൂക്ഷ വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്‍ അലിഷാന്‍ ജാഫ്രി ‘ഇന്ത്യയിലെ ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്റെ’ ആശങ്കാജനകമായ ഉദാഹരണമായി ഇതിനെ വിശേഷിപ്പിച്ചു. ഓണ്‍ലൈനില്‍ തീവ്രവാദ ആശയങ്ങളും വിശ്വാസങ്ങളും മഹത്വവല്‍ക്കരിച്ചു കാണിക്കുകയും തുടര്‍ന്ന് അവ പിന്തുടരുകയും ചെയ്യുന്ന പ്രക്രിയയാണ് ഓണ്‍ലൈന്‍ റാഡിക്കലൈസേഷന്‍.
യുവാക്കള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തടയാന്‍ പോലീസും എന്‍ഐഎയും പാടുപെടുന്ന ഈ സമയത്ത്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരടക്കം ഗുണ്ടാ ഉള്ളടക്കം പ്രമോട്ട് ചെയ്തും ഗുണ്ടാസംഘങ്ങളെ മഹത്വവല്‍ക്കരിച്ചും പെട്ടെന്ന് പണം സമ്പാദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജാഫ്രി പങ്കിട്ട സ്‌ക്രീന്‍ഷോട്ടില്‍ ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമുള്ള വെളുത്ത ടി-ഷര്‍ട്ടുകള്‍ ആണ് വില്പനയ്ക്ക് വെച്ചിരിക്കുന്നത്. കൂടാതെ അവയില്‍ ചിലതില്‍ ‘ഗ്യാങ്സ്റ്റര്‍’, ‘റിയല്‍ ഹീറോ’ എന്നിങ്ങനെയൊക്കെ ചേര്‍ത്തിട്ടുണ്ട്. 168 രൂപയാണ് ടി- ഷര്‍ട്ടുകളുടെ വിലയായി ചേര്‍ത്തിരിക്കുന്നത്.
ഫ്‌ലിപ്കാര്‍ട്ടിലും ഈ രീതിയില്‍ തന്നെയാണ് ടി ഷര്‍ട്ടുകള്‍ വില്‍പ്പനയ്ക്കായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ’64 ശതമാനം വിലക്കിഴിവിന് ശേഷം 249 രൂപയ്ക്കാണ് ഫ്‌ലിപ്കാര്‍ട്ടിലെ ടി ഷര്‍ട്ടുകള്‍ വില്‍ക്കുന്നത്. ഓറഞ്ച് ടി-ഷര്‍ട്ടും കറുത്ത ഹൂഡിയും ധരിച്ച ലോറന്‍സ് ബിഷ്ണോയിയുടെ ചിത്രമാണ് ടീ ഷര്‍ട്ടുകളില്‍.
Discussion about this post