അലീഗഢ്: അലീഗഢ് മുസ്ലിം സര്‍വകലാശാലയില്‍ ബീഫ് ബിരിയാണി വിതരണവുമായി ബന്ധപ്പെട്ട് ബഹളം. പോത്തിറച്ചിയല്ല പശു ഇറച്ചിയാണ് കാന്റീനില്‍ വിതരണം ചെയ്യുന്നത് എന്നതായിരുന്നു അരോപണം.
സര്‍വകലാശാലക്ക് കീഴിലുള്ള മെഡിക്കല്‍ കോളജിന്റെ കാന്റീനില്‍ ബീഫ് വിതരണം ചെയ്യുന്നതായി കഴിഞ്ഞദിവസം വാട്സ്ആപ്പില്‍ പ്രചരിച്ചതാണ് വിവാദമായത്. എന്നാല്‍, മെനുവില്‍ കാണുന്ന ബീഫ് ബിരിയാണി പോത്തിറച്ചിയുപയോഗിച്ചാണ് ഉണ്ടാക്കുന്നതെന്ന് സര്‍വകലാശാലാ അധികൃതര്‍ വിശദീകരിച്ചു. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയാണെന്ന് സര്‍വകലാശാലാ വക്താവ് രഹത് അബ്രാര്‍ പ്രതികരിച്ചു.
കാന്റീന് മെനുകാര്‍ഡിന്റെ പടവും സാമൂഹികമാധ്യമങ്ങളില്‍ വൈറലായി. ബീഫ് ബിരിയാണി വിതരണം ചെയ്ത കാന്റീന് ജീവനക്കാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മേയര്‍ ശകുന്തളാദേവിയുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളും ആക്ടിവിസ്റ്റുകളും സീനിയര്‍ പൊലീസ് സൂപ്രണ്ടിന്റെ ഓഫിസിനു മുന്നില്‍ പ്രകടനം നടത്തി.
സംഭവത്തെപ്പറ്റി അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. വിവാദത്തെപ്പറ്റിയുള്ള വാര്‍ത്ത പ്രചരിച്ച ഉടനെ എം. മുഹ്സിന് ഖാന്റെ നേതൃത്വത്തിലുള്ള സര്‍വകലാശാലയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കാന്റീനില്‍ പ്രാഥമിക പരിശോധന നടത്തി.
കാന്റീന് നടത്താന്‍ നല്കിയ കരാര്‍ ഈമാസം 23ന് അവസാനിക്കാനിരിക്കുകയാണെന്നും ഇതുമനസ്സിലാക്കിയ ചില നിക്ഷിപ്തതാല്‍പര്യക്കാരാണ് വിവാദത്തിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ പശുവിറച്ചിക്ക് വിലക്കേര്‍പ്പെടുത്തിയ ആദ്യത്തെ സ്ഥാപനമാണ് അലീഗഢ് സര്‍വകലാശാലയെന്നും സര്‍വകലാശാലാ വക്താവ് അബ്റാര്‍ പറഞ്ഞു.
അലിഗഢ് സര്‍വകലാശാലയുടെ സ്ഥാപകനായ സര് സയ്യിദ് അഹമ്മദ് ഖാന്റെ നിര്‍ദേശപ്രകാരമായിരുന്നെന്നും അധികൃതര്‍ വിശദീകരിച്ചു. ഹിന്ദുസമൂഹത്തോടുള്ള ബഹുമാനസൂചകമായാണ് ഈ നിര്‍ദേശം അദ്ദേഹം പുറപ്പെടുവിച്ചത്.
Discussion about this post