കണ്ണൂര്‍: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ സിബിഐ അന്വേഷണം ആവശ്യപ്പെടുമെന്ന് കുടുംബം. നവീൻ ബാബുവിന്‍റെ കുടുംബത്തിന്‍റെ അഭിഭാഷകൻ ജോൺ കെ റാൾഫ് വാദത്തിന് ശേഷം പുറത്തിറങ്ങിയപ്പോൾ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കളക്ടർ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് സംശയമുണ്ടെന്നും ജോൺ കെ റാൾഫ് വ്യക്തമാക്കി.
എഡിഎം കൈക്കൂലി വാങ്ങിയെന്ന വാദത്തിലുറച്ചാണ് ദിവ്യയുടെ അഭിഭാഷകൻ വാദിച്ചത്. അഞ്ചാം തീയ്യതി പ്രശാന്ത് സഹകരണ ബാങ്കിൽ നിന്ന് ഒരു ലക്ഷം രൂപ സ്വർണ വായ്പയെടുത്തതും ആറാം തീയതി എഡിഎമ്മും പ്രശാന്തും ഒരേ ടവർ ലൊക്കേഷനിൽ ഉണ്ടായതും സാഹചര്യ തെളിവായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്.
എന്നാൽ ഒരേ ലൊക്കെഷനിൽ ഉണ്ടായിരുന്നു എന്ന് വച്ച് കൈക്കൂലി വാങ്ങി എന്ന് പറയാൻ സാധിക്കുമോ എന്ന് പ്രോസിക്യൂഷൻ ചോദിച്ചു . 19ാം വയസിൽ സർവീസിൽ പ്രവേശിച്ച നവീൻ ബാബുവിനെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായിട്ടേയില്ല. ആരോപണം ഉയർന്ന കണ്ണൂരിലെ ഫയലിൽ ഒരു കാലതാമസവും ഉണ്ടായിട്ടില്ല. പിന്നെ എന്തിന് അഴിമതി നടത്തണം? പണം നൽകിയെന്നതിന് തെളിവുകളോ സാക്ഷികളോ ഇല്ല. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ റിമാൻഡിലുള്ള പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വിധി വെള്ളിയാഴ്ചയാണ് പറയുക. തലശ്ശേരി ജില്ലാ കോടതിയാണ് വിധി പറയുക. ഇന്ന് ഇരു ഭാഗത്തിന്റെ വാദം കേട്ട ശേഷം കേസ് വിധി പറയുന്നത് മാറ്റുകയായിരുന്നു.
Discussion about this post