സാധാരണക്കാരുടെ വാഹനമാണ് ടൂവീലറുകൾ. കുറച്ച് ദൂരം ഒന്ന് സ്വതന്ത്രമായി സഞ്ചരിക്കാനോ എവിടെയെങ്കിലും പോകാനോ ടൂവീലർ തന്നെയാണ് രക്ഷ. ഒരു ഇരുചക്രവാഹനം സ്വന്തമാക്കുമ്പോൾ അത് കൊണ്ട് തന്നെ മൈലേജാണ് ആളുകൾ പ്രധാനമായും നോക്കുന്നത്. എന്നാൽ കമ്പനികൾ ഓഫർ ചെയ്ത അത്ര മൈലേജ് ലഭിക്കുന്നില്ലെന്ന് ആളുകൾ പരാതിപ്പെടാറുണ്ട്. ഇതിന് കാരണമെന്തെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇരുചക്രവാഹനങ്ങളുടെ ഉപയോഗത്തിലും പരിപാലനത്തിലും നമ്മൾ വരുത്തുന്ന ചില തെറ്റുകളാണ് ഈ മൈലേജ് കുറവിന് കാരണം.
നിങ്ങൾക്ക് ഒരു ടൂ വീലറുണ്ടെങ്കിൽ അത് സ്ഥിരമായി സർവീസ് ചെയ്യുക എന്നത് പ്രധാനമാണ്. അംഗീകൃത സെന്ററുകളിൽ നിന്നു തന്നെ സർവീസ് നടത്താൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ വാഹനം നല്ല വർക്കിംഗ് കണ്ടീഷനിൽ ആയിരിക്കാനും അപകട സാധ്യതകൾ കുറയ്ക്കാനും സഹായിക്കും
സ്ഥിരമായ ഒരു വേഗതയിൽ ആക്‌സിലറേറ്റർ കൊടുക്കുന്നത് ഇന്ധനം ലാഭിക്കാൻ സഹായിക്കും. സാധ്യമാവുമ്പോഴൊക്കെ ടോപ് ഗിയറിൽ 40 മുതൽ 50 വരെ കിലോമീറ്ററുകളിൽ വാഹനം ഓടിക്കാൻ ശ്രദ്ധിക്കാം. ലോവർ ഗിയറുകളിൽ ആവശ്യമില്ലാതെ ആക്‌സിലറേഷൻ കൊടുക്കരുത്
എൻജിനുള്ളിലുള്ള നിരവധി ഭാഗങ്ങളെ ലൂബ്രിക്കേറ്റ് ചെയ്യുന്നതിൽ എൻജിൻ ഓയിലിന് വലിയ പങ്കാണുള്ളത്. കൃത്യമായ ഇടവേളകളിൽ എൻജിൻ ഓയിൽ മാറ്റുന്നില്ലെങ്കിൽ വാഹനത്തിന്റെ എൻജിൻ ഓവർഹീറ്റ് ചെയ്യാൻ തുടങ്ങും. ഇത് മൈലേജ് കുറയ്ക്കുന്നതിലേക്കും, എൻജിൻ തകരാറിലേക്കും നയിക്കും. ഇതിനാൽത്തിന്നെ വാഹന നിർമാതാക്കൾ നിർദേശിച്ചിരിക്കുന്ന പ്രകാരം എൻജിൻ ഓയിൽ മാറ്റാൻ ശ്രദ്ധിക്കാം.എയർ പ്രഷർ കൃത്യമല്ലാത്ത ടയറുകൾ വാഹനത്തിന്റെ എൻജിനിൽ അനാവശ്യ സമ്മർദ്ദം സൃഷ്ടിക്കുകയും മൈലേജ് കുറയ്ക്കുകയും ചെയ്യും.
ബൈക്ക് സൂര്യപ്രകാശത്തിൽ പാർക്ക് ചെയ്യുകയാണെങ്കിൽ, ഉടൻ തന്നെ അത് ഒഴിവാക്കുക. കാരണം ശക്തമായ സൂര്യപ്രകാശം മൂലം ബൈക്കിന്റെ ടാങ്ക് ചൂടാകുന്നു. ഇത് ബൈക്കിന്റെ മൈലേജിനെ പ്രതികൂലമായി ബാധിക്കുന്നു.റെഡ് സിഗ്‌നൽ തെളിഞ്ഞാൽ ടൂവീലർ ന്യൂട്രലിൽ ആക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയുകയും മൈലേജ് മികച്ചതായിരിക്കുകയും ചെയ്യും
വാഹനത്തിന്റ എൻജിൻ കവർ ചെയ്തിടുന്നത് ഒഴിവാക്കുക, ടൂവീലർ ഫ്യുവൽ ടാങ്ക് ക്ലീനാക്കി സൂക്ഷിക്കുക, നിലവാരമുള്ള ഇന്ധനം ഉപയോഗിക്കുക, വാഹനത്തിന്റെ ചെയിൻ ലൂബ്രിക്കേറ്റ് ചെയ്യുക, പെട്ടെന്നുള്ള ബ്രേക്കിങ്, ആക്‌സിലറേഷൻ എന്നിവ ഒഴിവാക്കുക എന്നിവയും നമുക്ക് പിന്തുടരാവുന്ന ശീലങ്ങളാണ്.
Discussion about this post