എറണാകുളം: കേന്ദ്രമന്ത്രി സുരേഷ് ഗോപി നൽകിയ സഹായത്തെക്കുറിച്ച് പറഞ്ഞ് നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. സിനിമയുടെ പ്രദർശനം മുടങ്ങിയ വേളയിൽ പലരെയും വിളിച്ചു. എന്നാൽ ആരും സഹായത്തിന് എത്തിയില്ല. ഈ സമയം സുരേഷ് ഗോപിയായിരുന്നു തന്നെ സഹായിച്ചത് എന്നും സാന്ദ്രാ തോമസ് പറഞ്ഞു.
സിനിമാ മേഖലയിൽ നിന്നും നിരവധി ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഞാൻ നിർമ്മിച്ച ലിറ്റിൽ ഹാർട്‌സ് എന്ന സിനിമയിൽ ഷെയ്ൻ നിഗം ഉണ്ടായിരുന്നു. ഈ വേളയിൽ അവന് ഒരു അപ്രഖ്യാപിത വിലക്ക് ഉണ്ടായിരുന്നു. അതിനാൽ സിനിമയുടെ പോസ്റ്ററോ ഫ്‌ളക്‌സോ ഒന്നും വയ്ക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു സിനിമ തിയറ്ററുകളിൽ റിലീസ് ചെയ്തു എന്ന കാര്യം ഒരാൾക്കും അറിയാൻ പറ്റിയില്ല. ഇത് വലിയ പ്രതിസന്ധിയായിരുന്നു.
ഒരുപാട് പേരെ സഹായത്തിനായി സമീപിച്ചു. പലരോടം സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാൽ ആരും തന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. ഇതോടെ സുരേഷേട്ടനെ വിളിക്കുകയായിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തോട് സംസാരിച്ചത്. എന്റെ സങ്കടംകേട്ട് സുരേഷേട്ടൻ സഹായിച്ചു. ഒന്ന് രണ്ട് തിയറ്ററുകളിൽ അദ്ദേഹം വിളിച്ച് പറഞ്ഞുവെന്നും സാന്ദ്ര വ്യക്തമാക്കി.
ആട്ടം സിനിമയിലെ കഥാപാത്രമായ സ്ത്രീ അനുഭവിച്ച കാര്യങ്ങൾ ഞാനും അനുഭവിച്ചിരുന്നു. സഹോദരങ്ങളെ പോലെ കണ്ടവരിൽ നിന്നാണ് എനിക്ക് ദുരനുഭവം ഉണ്ടായത്. കുടുംബത്തിൽ നിന്നും ഒരാൾ വേറൊരു തരത്തിൽ പെരുമാറുമ്പോൾ വലിയ ബുദ്ധിമുട്ടാണ്. അത് വലിയ മാനസിക ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത് എന്നും സാന്ദ്രാ തോമസ് പറഞ്ഞു.
Discussion about this post