ന്യൂഡൽഹി: ഇന്ത്യയിലെ കമ്പ്യൂട്ടർ ഉപയോക്താക്കളെ പാകിസ്താൻ കേന്ദ്രീകൃത ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകൾ. ഇന്ത്യയിൽ മാൽവെയർ ആക്രമമം അഴിച്ചുവിടാൻ സാധ്യതയെന്നാണ് സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയിന്റിന്റെ മുന്നറിയിപ്പിൽ വ്യക്തമാകുന്നത്. ട്രാൻസ്പരൻറ് ട്രൈബ് അഥവാ എപിടി36 എന്ന് പേരുള്ള പാകിസ്താനി ഹാക്കർ ഗ്രൂപ്പിനെ കുറിച്ചാണ് മുന്നറിയിപ്പ്.
‘ElizaRAT’ എന്ന ഏറ്റവും ആധുനികമായ മാൽവെയർ (മലിഷ്യസ് സോഫ്റ്റ്വെയർ) ഉപയോഗിച്ചാണ് ഇന്ത്യയിലെ കമ്പ്യൂട്ടറുകളെ പാകിസ്താൻ ഹാക്കിംഗ് സംഘമായ എപിടി36 ലക്ഷ്യമിടുക.2023 സെപ്റ്റംബറിൽ ആദ്യമായി ശ്രദ്ധിച്ച ഈ മാൽവെയറിനെ അന്നുമുതൽ ചെക്ക് പോയിൻറ് പിന്തുടരുകയാണ്. കമ്പ്യൂട്ടറുകളിൽ നിന്ന് രഹസ്യമായി വിവരങ്ങൾ ചോർത്തുന്നതാണ് ഈ മാൽവെയറിൻറെ രീതിയേ്രത.
നമ്മുടെ സമ്മതമില്ലാതെ തന്നെ കമ്പ്യൂട്ടറിന്റെ നിയന്ത്രണം കൈക്കലാക്കാൻ ഹാക്കർമാരെ സഹായിക്കുന്ന മാൽവെയറാണിത്. ഇന്ത്യയിലുള്ള കമ്പ്യൂട്ടറുകളെ പ്രത്യേകമായി ലക്ഷ്യമിട്ടാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ മാൽവെയർ ഡൗൺലോഡ് ചെയ്യപ്പെടുന്ന രീതിയിലാണ് ഇതിന്റെ നിർമ്മാണം. ഈ തരത്തിലുള്ള ഫിഷിംഗ് അറ്റാക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുക എന്നതിൽ സംശയം വേണ്ട.
ഗൂഗിൾ ഡ്രൈവ് പോലുള്ള പ്രമുഖ ക്ലൗഡ് പ്ലാറ്റ്ഫോമുകളിൽ സൂക്ഷിക്കാനാകുമെന്നത് ഈ ഫയലുകളുടെ വിശ്വാസ്യത കൂട്ടുന്നതാണ് മറഞ്ഞിരിക്കുന്ന അപകടം. ലിങ്ക് വഴിയെത്തുന്ന ഫയൽ ഡൗൺലോഡ് ചെയ്യുക വഴി കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യപ്പെട്ടാൽ പിന്നീട് കമ്പ്യൂട്ടറിലെ രഹസ്യ ഫയലുകളിലേക്കെല്ലാം ഹാക്കർമാർ നുഴഞ്ഞുകയറും. അതുകൊണ്ട് സംശയാസ്പദമായി ഏതെങ്കിലും ലിങ്കുകൾ ശ്രദ്ധിക്കപ്പെട്ടാൽ ക്ലിക്ക് ചെയ്യാതെ ഇരിക്കുക.
Discussion about this post