മുംബൈ: ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി. സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. റായ്പൂർ സ്വദേശിയായ ഫൈസാൻ ആണ് സംഭവത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.
ഉച്ചയോടെയായിരുന്നു സംഭവം. ഫോൺ കോളിലൂടെയാണ് താരത്തിന് ഭീഷണി സന്ദേശം ലഭിച്ചത്. 50 ലക്ഷം രൂപ നൽകണമെന്നും അല്ലെങ്കിൽ കൊന്നുകളയുമെന്നായിരുന്നു ഇയാളുടെ ഭീഷണി. ഹിന്ദുസ്ഥാനി എന്നായിരുന്നു ഇയാൾ പരിജയപ്പെടുത്തിയത് എന്നാണ് ഷാരൂഖിനെ മൊഴി. ഫോൺ കോൾ ലഭിച്ചതിന് തൊട്ട് പിന്നാലെ ഷാരൂഖ് വിവരം മുംബൈ പോലീസിനെ അറിയിക്കുകയായിരുന്നു. സന്ദേശം ലഭിച്ച നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ ആയിരുന്നു ഫൈസാൻ ആണ് സംഭവത്തിന് പിന്നിൽ എന്ന് വ്യക്തമായത്. ഇയാളെ കസ്റ്റഡിയിൽ എടുക്കാൻ പോലീസ് സംഘം മുംബൈയിലേക്ക് പുറപ്പെട്ടു.
സംഭവത്തിൽ ബാന്ദ്രാ പോലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 308 (4), 351 (3)(4) എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഷാരൂഖ് ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. ഭീഷണി സന്ദേശം ലഭിക്കുമ്പോൾ ഷാരൂഖ് ഡബ്ബിംഗിനായി സ്റ്റുഡിയോയിൽ ആയിരുന്നു.
Discussion about this post