ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയ്ക്ക് കത്തെഴുതി ജമ്മുകശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവിയായ ഭീകരൻ യാസിൻ മാലിക്കിന്റെ പാകിസ്താൻ സ്വദേശിനിയായ ഭാര്യ. മുഷാൽ മാലിക്കാണ് യാസീൻ മാലിക്കിനായി രാഹുൽ ഗാന്ധി ശബ്ദമുയർത്തണമെന്ന് കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. തന്റെ ഭർത്താവിന് കശ്മീരിൽ സമാധാനം കൊണ്ടുവരാൻ സാധിക്കുമെന്നും മുഷാൽ അവകാശപ്പെടുന്നു.
ജയിലിലെ പെരുമാറ്റത്തിൽ പ്രതിഷേധിച്ച് നവംബർ രണ്ടു മുതൽ മാലിക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ഇത് ആരോഗ്യത്തെ ക്ഷയിപ്പിക്കുയാണെന്നും ജീവൻ തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന് നീതി ലഭിക്കാൻ ഇടപെടണം. 2019 മുതൽ ബിജെപി സർക്കാർ മാലികിനെ ഇരയാക്കുകയാണ്. ഒരിക്കലും സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധത്തിലാണത്. 35 വർഷം പഴക്കമുള്ള കേസിലാണ് അദ്ദേഹത്തെ വിചാരണ ചെയ്യുന്നത്. ഇപ്പോൾ എൻ.ഐ.എ ചുമത്തിയ കേസിൽ വധശിക്ഷ നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പാർലമെന്റിൽ താങ്കളുടെ ധാർമികവും രാഷ്ട്രീയവുമായ സ്വാധീനം ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുകയാണെന്നും അവർ കത്തിൽ ആവശ്യപ്പെട്ടു.
നിലവിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തീഹാർ ജയിലിൽ കഴിയുകയാണ് യാസിൻ മാലിക്. യാളുടെ ഭാര്യ മുഷാൽ ഹുസൈൻ മാലിക് നേരത്തെ പാകിസ്താന്റെ കാവൽ പ്രധാനമന്ത്രി അൻവറുൽ കാകറിന്റെ പ്രത്യേക ഉപദേഷ്ടാവായി ജോലി തെയ്തിരുന്നു. മനുഷ്യാവകാശം,സ്ത്രീശാക്തീകരണം എന്നീ വിഷയങ്ങളിലെ ഉപദേശകസ്ഥാനമായിരുന്നു അവർക്ക്. 2009 ലാണ് മുഷാലിനെ യാസിൻ വിവാഹം തെയ്യുന്നത്. ഈ ബന്ധത്തിൽ ഒരുമകളുണ്ട്. ഇരുവരും ഇസ്ലാമാബാദിലാണ് കഴിയുന്നത്.
അതേസമയം താൻ ആയുധം ഉപേക്ഷിച്ച് അഹിംസ മാർഗം സ്വീകരിച്ചതായി യാസിൻ മാലിക് അവകാശപ്പെട്ടിരുന്നു. 1994 മുതൽ താൻ അഹിംസ ജീവിതത്തിലുടനീളം സ്വീകരിക്കുകയും സായുധപോരാട്ടം ഉപേക്ഷിക്കുകയും ചെയ്തതായാണ് ജമ്മുകശ്മീർ വിഘടനവാദി നേതാവായ യാസിൻ മാലിക്കിന്റെ അവകാശവാദം. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ട്രൈബ്യൂണലിന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ അവകാശവാദങ്ങളത്രയും.തീവ്രവാദ ഫണ്ടിംഗ് കേസിൽ ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന മാലിക്, 1990-ൽ ശ്രീനഗറിലെ റാവൽപോറയിൽ നാല് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്.
Discussion about this post