പാലക്കാട് : പാലക്കാട്ടെ പാതിരാ പരിശോധനയും ട്രോളി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം ഇന്ന് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങൾക്ക് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. രണ്ട് വാഹനങ്ങളിൽ ആയാണ് ഹോട്ടലിൽ നിന്ന് പോയതെന്ന് രാഹുൽ സ്ഥിരീകരിച്ചു. താൻ ഷാഫി പറമ്പിലിനോടൊപ്പം ആണ് കാറിൽ പോയത് എന്നും തന്റെ കാർ സുഹൃത്താണ് കൊണ്ടുവന്നത് എന്നുമാണ് രാഹുലിന്റെ വെളിപ്പെടുത്തൽ.
ചില കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നത് കൊണ്ടാണ് ഷാഫിക്കൊപ്പം കാറിൽ കയറിയത്. തന്റെ സുഹൃത്താണ് തന്റെ കാറുമായി കൂടെ വന്നിരുന്നത്. പിന്നീട് പാലക്കാട് പ്രസ് ക്ലബ്ബിന് സമീപത്ത് വെച്ച് ഷാഫിയുടെ കാറിൽ നിന്നും ഇറങ്ങി തന്റെ സ്വന്തം കാറിലേക്ക് മാറി കയറി എന്നും രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരിച്ചു.
എന്നാൽ പിന്നീടുള്ള യാത്രയ്ക്കിടയിൽ തന്റെ കാറിന് തകരാർ ഉണ്ടായി എന്നാണ് രാഹുൽ പറയുന്നത്. തുടർന്ന് കാർ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു. അതിനുശേഷം പാലക്കാട് കെആർ ടവറിന് സമീപത്ത് വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ്റെ കാറിലാണ് കോഴിക്കോടേക്ക് പോയത്. തൻ്റെ കാറിൽ നിന്ന് ട്രോളികൾ ഈ കാറിലേക്ക് മാറ്റി എന്നും രാഹുൽ പറയുന്നു. കോഴിക്കോട് അസ്‌മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും രാഹുൽ മാങ്കൂട്ടത്തിൽ പങ്കുവെച്ചു.
Discussion about this post