എറണാകുളം: നടൻ അൽ സാബിത്തിനെതിരെ മതമൗലികവാദികളുടെ സൈബർ ആക്രമണം. മാതാവ് തട്ടമിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ സൈബർ ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം മാതാവിനും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചിത്രം അൽ സാബിത്ത് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സൈബർ ആക്രമണം.
വിനോദയാത്രയുടെ ഭാഗമായി കശ്മീരിലാണ് താരം നിലവിൽ ഉള്ളത്. ഇവിടെ നിന്നും ചില്ലിംഗ് വിത്ത് മൈ ഫ്രണ്ട് ആന്റ് ഫാമിലി എന്ന കുറിപ്പോട് കൂടിയായിരുന്നു അമ്മയുടെയും കൂട്ടുകാരുടെയും ചിത്രം സാബിത്ത് പങ്കുവച്ചത്. എന്നാൽ ഇതിന് പിന്നാലെ മാതാവ് തലമറച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മതമൗലികവാദികൾ രംഗത്ത് വരികയായിരുന്നു.
തലയിൽ തട്ടം ഇടാതെ നടക്കുന്ന ഉമ്മ, ഉമ്മയെ അമ്മ എന്ന് വിളിക്കുന്നു, ഗേൾ ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങുന്നു- എന്നിങ്ങനെയായിരുന്നു ഒരാളുടെ കമന്റ്. ഈ കമന്റിന് പിന്തുണ നൽകിക്കൊണ്ട് വളരെ പരുഷമായ പരാമർശങ്ങളുമായി മറ്റുള്ളവരും രംഗത്ത് എത്തി. ഇതോടെ ഇതിന് താരം മറുപടി നൽകി. എന്നാൽ അത് സൈബർ ആക്രമണം രൂക്ഷമാക്കുകയാണ് ചെയ്തത്.
അതേസമയം അൽ സാബിത്തിനെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തി. ഇതൊന്നും മൈൻഡ് ചെയ്യേണ്ട കാര്യം ഇല്ലെന്നാണ് താരത്തിന് ആളുകൾ നൽകുന്ന ഉപദേശം. നൊന്ത് പ്രസവിച്ച മാതാവിന് അമ്മ എന്ന് വിളിക്കുന്നത് കൊണ്ട് തെറ്റില്ലെന്നും ആളുകൾ പറയുന്നു.
Discussion about this post