ന്യൂഡൽഹി: പിഎം വിദ്യാലക്ഷ്മി പദ്ധതിയ്ക്ക് അംഗീകാരം നൽകി കേന്ദ്രമന്ത്രിസഭ. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ് ഈ പദ്ധതി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശുപാർശകളെ തുടർന്നാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം സർക്കാർ നിഷ്‌കർഷിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം തേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഈട് രഹിത,ഗ്യാരണ്ടി രഹിത വായ്പകൾ അനുവദിക്കും.
എട്ടു ലക്ഷം രൂപ വരെയായിരിക്കണം കുടുംബത്തിന്റെ വാർഷിക വരുമാനം. 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് പദ്ധതിക്ക് കീഴിൽ മൂന്ന് ശതമാനം പലിശ ഇളവ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങളിലെ മത്രമല്ല.സ്വകാര്യ സ്ഥാപനങ്ങളിലെ ഉന്നത പഠനത്തിനും ധനസഹായം ലഭിക്കും. മികച്ച വിദ്യാർത്ഥികൾക്കാണ് പദ്ധതിക്ക് കീഴിൽ സാമ്പത്തിക സഹായം ലഭിക്കുക. പ്രതിവർഷം ഒരു ലക്ഷം വിദ്യാർത്ഥികൾക്ക് പലിശ ഇളവ് വാഗ്ദാനം ചെയ്യും. വിദ്യാർഥികൾക്ക്, 10 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് മൂന്ന് ശതമാനമാണ് പലിശ ഇളവ്.
4.5 ലക്ഷം രൂപ വരെ കുടുംബ വാർഷിക വരുമാനമുള്ള കുട്ടികൾക്ക് പൂർണ പലിശ ഇളവ് ലഭിക്കും.ട്യൂഷൻ ഫീസിന്റെയും മറ്റ് കോഴ്സുമായി ബന്ധപ്പെട്ട ചെലവുകളുടെയും മുഴുവൻ തുകയും ഉൾക്കൊള്ളുന്നതായിരിക്കും വായ്പ. മാനദണ്ഡങ്ങൾ പാലിക്കുന്ന 860 സ്ഥാപനങ്ങൾക്ക് പദ്ധതി ബാധകമാകും.അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള സാങ്കേതിക വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ കോഴ്സ് പഠിക്കുന്നതിനും പലിശ സബ്സിഡി ലഭ്യമാണ്. വിദ്യാഭ്യാസ വായ്പകൾക്കുള്ള ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് സ്‌കീം മുഖേനയാകും ഈട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് മൊറട്ടോറിയം കാലയളവിൽ വിദ്യാഭ്യാസ വായ്പകൾക്ക് പൂർണ്ണ പലിശ ഇളവ് ലഭിക്കും.22 ലക്ഷം വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക ഞെരുക്കം കാരണം യോഗ്യനായ ഒരു വിദ്യാർത്ഥിക്കും ഉന്നത വിദ്യാഭ്യാസം നിഷേധിക്കില്ലെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2024-25 മുതൽ 2030-31 വരെയുള്ള കാലയളവിലേക്ക് 3,600 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ സമയത്ത് 7 ലക്ഷം പുതിയ വിദ്യാർഥികൾക്ക് പലിശ ഇളവിന്റെ പ്രയോജനം ലഭിക്കുമെന്ന് കണക്കാക്കുന്നു.
Discussion about this post