മുംബൈ : മതാടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം നടപ്പിലാക്കാൻ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങൾ അധികാരത്തിലെത്തിയാൽ മുസ്ലിം വിഭാഗത്തിന് പ്രത്യേക സംവരണം നടപ്പിലാക്കും എന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് മറുപടിയായാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുൽ ഗാന്ധിയുടെ നാലാം തലമുറ വിചാരിച്ചാൽ പോലും രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കാൻ കഴിയില്ല. ബിജെപി ഈ രാജ്യത്തുള്ളിടത്തോളം കാലം അതിന് അനുവദിക്കില്ല. ഭരണഘടനയുടെ വ്യാജ പകർപ്പ് കാണിച്ച് ജനങ്ങളെ കബളിപ്പിക്കുകയും ഭരണഘടനയെ അപഹസിക്കുകയും ആണ് രാഹുൽ ഗാന്ധി ചെയ്യുന്നത് എന്നും അമിത് ഷാ വ്യക്തമാക്കി. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ സംസാരിക്കുമ്പോൾ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ ഉറപ്പിച്ചു പറഞ്ഞത്.
നിലവിൽ ഈ രാജ്യത്ത് നടക്കുന്നതുപോലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കാണ് സംവരണം ആവശ്യമുള്ളത്. ഒബിസികൾ, ആദിവാസികൾ, ദലിതർ എന്നിവരിൽ നിന്ന് സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എല്ലാ സംവരണവും ന്യൂനപക്ഷങ്ങൾക്ക് നൽകാൻ ആണ് കോൺഗ്രസ് പദ്ധതിയിടുന്നത് എന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.
Discussion about this post