തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് പിണറായി വിജയൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എംപി. ഉമ്മൻചാണ്ടി സർക്കാർ കൊണ്ടുവന്ന സീപ്ലെയിന്‍ പദ്ധതി അട്ടിമറിച്ച സിപിഎം ഇപ്പോൾ അതേ പദ്ധതി പത്തുവര്‍ഷത്തിനുശേഷം തങ്ങളുടേതാക്കി അഭിമാനിക്കുകയാണ് എന്നും സുധാകരൻ കുറ്റപ്പെടുത്തി. 11 വര്‍ഷവും 14 കോടി രൂപയുമാണ് സിപിഎം കേരളത്തിന് നഷ്ടം വരുത്തിവെച്ചത്.
10 വർഷങ്ങൾക്കിപ്പുറം സീ പ്ലെയിൻ പദ്ധതി സിപിഎം അഭിമാനപൂർവ്വം അവതരിപ്പിക്കുമ്പോൾ ആദ്യമായി ആ പദ്ധതി അവതരിപ്പിച്ച ഉമ്മൻചാണ്ടിയോട് മാപ്പെന്നൊരു വാക്കെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. 2013 ജൂണിലാണ് രാജ്യത്തെ തന്നെ ആദ്യത്തെ സീ പ്ലെയിൻ പദ്ധതി ഉമ്മന്‍ ചാണ്ടി കൊല്ലം അഷ്ടമുടിക്കായലില്‍ ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നത്. എന്നാൽ സിപിഎം ഈ പദ്ധതിക്ക് എതിരായ നിലപാട് സ്വീകരിക്കുകയായിരുന്നു.
അന്ന് മത്സ്യത്തൊഴിലാളികളെ ഇറക്കി വിമാനം ആലപ്പുഴയില്‍ ഇറക്കാന്‍ പോലും സിപിഎം സമ്മതിച്ചിരുന്നില്ല. സീ പ്ലയിൻ കൂടാതെ പദ്ധതിയുടെ ഭാഗമായ ഫ്‌ളോട്ടിംഗ് ജെട്ടി, വാട്ടര്‍ ഡ്രോം, സ്പീഡ് ബോട്ട് തുടങ്ങിയവ നിർമ്മിക്കുന്നതിനായി 14 കോടി രൂപയായിരുന്നു ഉമ്മൻ ചാണ്ടി സര്‍ക്കാർ മുടക്കിയിരുന്നത്. സിപിഎം സമരത്തിൽ പദ്ധതി നടപ്പിലാക്കാൻ കഴിയാതെ ആയതോടെ മുടക്കിയ കോടികൾ വെള്ളത്തിലായി. ഗുജറാത്ത്, ആന്ധ്രാപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ പിന്നീട് സീ പ്ലെയിന്‍ പദ്ധതി വിജയകരമായി നടപ്പാക്കി.
സീ ബേര്‍ഡ് എന്ന കമ്പനിയുടെ സീ പ്ലെയിന്‍ ആയിരുന്നു ഉമ്മൻചാണ്ടി സർക്കാർ അഷ്ടമുടി കായലിലേക്ക് കൊണ്ടുവന്നിരുന്നത്. പദ്ധതി നടപ്പിലാക്കാൻ കഴിയാതെ ആയതോടെ 2019ല്‍ ഈ സീ പ്ലയിൻ ബാങ്ക് ജപ്തി ചെയ്തു. അന്ന് സീ പ്ലെയിൻ പദ്ധതി അവതാളത്തിൽ ആക്കുകയും ഖജനാവിന് കോടികൾ നഷ്ടം വരുത്തുകയും ചെയ്ത സിപിഎം ഇന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടിയിൽ സീ പ്ലയിൻ പദ്ധതി അഭിമാനപൂർവ്വം അവതരിപ്പിക്കുന്നതിനെ ആണ് കെ സുധാകരൻ രൂക്ഷമായി വിമർശിച്ചത്.
Discussion about this post