ന്യൂഡൽഹി : ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായോടെ വിഷയത്തിൽ ഇടപെട്ട് സുപ്രീം കോടതി. നഗരത്തിലെ പടക്കം പൊട്ടിക്കലും പടക്കങ്ങളുടെ വിൽപ്പനയും നിയന്ത്രിക്കാൻ ഉടൻ നടപടി വേണമെന്ന് സുപ്രീം കോടതി ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടു.
ഒരു മതവും മലിനീകരണം സൃഷ്ടിക്കുന്ന നടപടികൾ പ്രേത്സാഹിപ്പിക്കുന്നില്ല . ഈ നിലയ്ക്ക് പടക്കം പൊട്ടിക്കൽ തുടർന്നാൽ, ആരോഗ്യത്തോടെ ജീവിച്ചിരിക്കാനുള്ള പൗരൻമാരുടെ മൗലിക അവകാശത്തെ ഇത് ബാധിക്കും. ഡൽഹിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ കോടതി പറഞ്ഞു. ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
നിലവിലുള്ള നിരോധനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതിന് ഡൽഹി സർക്കാരിനെയും പോലീസിനെയും രൂക്ഷമായി കോടതി വിമർശിച്ചു. എന്തുകൊണ്ടാണ് പടക്കം നിർമ്മാണത്തിനും വിൽപ്പനയ്ക്കും പൊട്ടിക്കുന്നതിനും ഒക്ടോബറിനും ജനുവരിക്കും ഇടയിൽ മാത്രം നിയന്ത്രണങ്ങൾ ബാധകമാക്കിയതെന്നും ചോദിച്ചു . ദീപാവലിക്ക് മുമ്പ് പ്രഖ്യാപിക്കുന്ന പടക്ക നിരോധനം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടത് എന്തുകൊണ്ടെന്ന് വിശദീകരിക്കാൻ കോടതി ഡൽഹി സർക്കാരിനും ഡൽഹി പോലീസിനും കഴിഞ്ഞാഴ്ച നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ വാദം കേട്ടത്.
നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിലെ കാലതാമസത്തെ ബെഞ്ച് ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പുകൾക്കും വിവാഹങ്ങൾക്കും മറ്റും പടക്കം കത്തിക്കാമെന്ന് നിങ്ങളുടെ ഉത്തരവിൽ പറഞ്ഞിട്ടുണ്ടോ? എന്ന് കോടതി ചോദിച്ചു. പടക്കങ്ങളുടെ വിൽപ്പനയും നിർമ്മാണവും ഇല്ലെന്ന് ഉറപ്പാക്കാനും സുപ്രീം കോടതി ഡൽഹി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. ആരെങ്കിലും പടക്കം പൊട്ടിക്കാനുള്ള മൗലികാവകാശം അവകാശപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർ കോടതിയിൽ വരട്ടെ! ദീപാവലിക്ക് മാത്രമല്ല, ഒരു വർഷം നീണ്ടുനിൽക്കുന്ന പടക്കം നിരോധിക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു.
Discussion about this post