ന്യൂഡൽഹി; എബിവിപി ദേശീയ സമ്മേളനത്തിൽ സോഹോ കോർപ്പറേഷൻ സി.ഇ.ഓ ശ്രീധർ വെമ്പു മുഖ്യാതിഥിയാവും. നവംബർ 22, 23, 24 തീയതികളിൽ ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിൻ്റെ 70-ാം ദേശീയ സമ്മേളനത്തിലാണ് സോഹോ കോർപ്പറേഷൻ സ്ഥാപകനും സി.ഇ.ഒ യുമായ ശ്രീ ശ്രീധർ വെമ്പു മുഖ്യാതിഥിയായി പങ്കെടുക്കുക. സമ്മേളനത്തിൽ പങ്കെടുക്കാനായി രാജ്യത്തിൻ്റെ നാനാഭാഗങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികളെ മുഖ്യാതിഥിയായ ശ്രീധർ വെമ്പു അഭിസംബോധന ചെയ്യും.
നവ സംരംഭങ്ങൾക്ക് രൂപം നൽകുവാനും അതേപോലെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുത്തൻ ലോകത്ത് തങ്ങളുടേതായ ഇടം കണ്ടെത്തുന്നതിനും ഭാരതത്തിലെയും മറ്റ് ലോക രാഷ്ട്രങ്ങളിലെയും യുവാക്കൾക്ക് വലിയ പ്രചോദനമായി മാറിയ അതുല്യ വ്യക്തിത്വമാണ് ശ്രീ ശ്രീധർ വെമ്പു. നവംബർ 22 ന് ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ മുഖ്യാതിഥിയായി ശ്രീ ശ്രീധർ വെമ്പു പങ്കെടുക്കുന്നത് നമ്മൾക്ക് ലഭിച്ച വലിയ സൗഭാഗ്യമാണ് എന്നും അദ്ദേഹം ചടങ്ങിൽ വിദ്യാർത്ഥി പരിഷത്തിൻ്റെ പ്രവർത്തകരുമായി സംവദിക്കുമെന്നും എബിവിപി ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു.
തമിഴ്നാട്ടിലെ തെങ്കാശിയിൽ സോഹോ കോർപ്പറേഷൻ സ്ഥാപിച്ച് അദ്ദേഹം വളരെ അധികം യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിച്ച് അവരുടെ സമഗ്ര വികസനം ഉറപ്പുവരുത്തുന്നതിന് നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തോടും പൊതു ജനങ്ങളോടും കാണിക്കുന്ന പ്രതിബദ്ധതയാണ് ശ്രീധർ വെമ്പു ജി യുടെ സോഹാ കോർപ്പറേഷനെ മറ്റ് വൻകിട അന്താരാഷ്ട്ര വ്യവസായ കമ്പനികളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. പ്രാദേശിക മേഖല കേന്ദ്രീകരിച്ച് സോഹോയുടെ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് ഇതിന്റെ തെളിവാണ് എന്നും അദ്ദേഹം വ്യക്തമാക്കി.ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് നവ ഊർജ്ജം പകർന്ന് നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്ന് ഉറച്ച് വിശ്വസിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post