എറണാകുളം : കേരളത്തിലെ ആന എഴുന്നള്ളിപ്പിന് സുപ്രധാനമാർഗരേഖയുമായി ഹൈക്കോടതി. പുതിയ മാർഗ്ഗനിർദേശങ്ങൾ ഉറപ്പുവരുത്തി മാത്രമായിരിക്കും ഇനി എഴുന്നള്ളിപ്പിന് അനുമതി ലഭിക്കുക. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പുവരുത്തി വേണം എഴുന്നള്ളിപ്പിന് ആനയെ ഉപയോഗിക്കാൻ അനുമതി നൽകാൻ എന്ന് ഹൈക്കോടതി വ്യക്തമാക്കുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമായി പരിശോധിച്ചു വേണം ജില്ലാ തല സമിതി ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത് എന്നും കോടതി സൂചിപ്പിക്കുന്നു. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശ ഉത്തരവിറക്കിയിരിക്കുന്നത്.
തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനകളെ എഴുന്നള്ളിപ്പിന് നിർത്തരുത് എന്നാണ് മാർഗ്ഗരേഖയിലെ ഒരു പ്രധാന നിർദ്ദേശം. ജനങ്ങളും ആനയും തമ്മിലുള്ള ദൂരപരിധി എട്ടു മീറ്റർ ആണെന്ന് കൃത്യമായി ഉറപ്പുവരുത്തണം. സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. കോടതി ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആനിമൽ വെല്‍ഫെയര്‍ ബോര്‍ഡിന്‍റെ അംഗത്തെയും ഉള്‍പ്പെടുത്തിക്കൊണ്ട് ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
എഴുന്നള്ളത്തിൽ ആനകള്‍ തമ്മിലുള്ള അകലം മൂന്നു മീറ്റര്‍ ആയിരിക്കണം. ആനയും തീവെട്ടിപോലുള്ള ഉപകരണങ്ങളും തമ്മിൽ അഞ്ച് മീറ്റര്‍ ദൂര പരിധിയുണ്ടായിരിക്കണം. ആനകള്‍ നിൽക്കുന്ന സ്ഥലത്ത് ബാരിക്കേഡ് സംവിധാനമുണ്ടാകണം. രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ ആനകളെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്. വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ ദൂര പരിധി വേണം എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നു.
ആനകളുടെ യാത്രയുമായി ബന്ധപ്പെട്ടും സുപ്രധാനമാർഗനിർദ്ദേശങ്ങൾ ഹൈക്കോടതി ഉത്തരവിലുണ്ട്.
ദിവസം 30 കിലോമീറ്ററിൽ കൂടുതൽ ആനകളെ നടത്തിയ്ക്കരുത്. വാഹനങ്ങളിൽ കൊണ്ടുപോകുമ്പോൾ ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്.
രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ആനയ്ക്ക് ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ആനയെ കൊണ്ടു പോകുന്ന വാഹനത്തിന്‍റെ വേഗത 25 കി.മീറ്ററിൽ താഴെയാകണം എന്നിങ്ങനെയാണ് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്ന മറ്റു നിർദ്ദേശങ്ങൾ.
Discussion about this post