കഴിഞ്ഞ ദിവസം ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തിനെ വിമര്‍ശിച്ച് നവമാധ്യമങ്ങളില്‍ നിരവധി ട്രോളുകളും ലേഖനങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. മോഹന്‍ലാലിന്റെ ജാതിപ്പേരിനെ വിമര്‍ശിച്ചും, അഭിനയിച്ച കഥാപാത്രങ്ങള്‍ സവര്ണബിംബങ്ങളാണെന്ന് ആരോപിച്ചും നിരവധി പേരാണ് ലാലിനെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. സൈനികരെ പിന്തുണച്ചു കൊണ്ട് ലഫ്റ്റനന്റ് കേണല്‍ കൂടിയായ ലാല്‍ എഴുതിയ കുറിപ്പിന് വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ട് ലേഖനങ്ങള്‍ വരെ പല നവമാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു. നേരത്തെ മോഹന്‍ലാല്‍ എവിടെയായിരുന്നു എന്നിങ്ങനെ പതിവ് ആക്ഷേപങ്ങളും പലരും നിരത്തി. ലാലിനെ സംഘപരിവാറിന് കുഴലൂതുന്ന ആളെന്ന തരത്തിലും ചിലര്‍ വിലയിരുത്തി.
ഇത്തരം വിമര്‍ശകരെ കണക്കിന് കളിയാക്കുകയാണ് ഫേസ് ബുക്കില്‍ സി.കെ ബാബു എന്നയാള്‍ ഇട്ട പോസറ്റ്. മോഹന്‍ലാലിന് അടഞ്ഞ കത്ത് എന്ന പേരിലുള്ള പോസ്റ്റ് ഇതിനകം പ്രചാരം നേടിക്കഴിഞ്ഞു.
‘വല്ലതും പറയണമെന്നോ കൂട്ടില്‍ അപ്പിയിടണമെന്നോ തോന്നുന്നുണ്ടെങ്കില്‍ അല്പം കൂടി ക്ഷമിക്കുന്നതാണു് നല്ലതു്. ഇപ്പോള്‍ ഭാരതത്തില്‍ ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമില്ല. പക്ഷേ, ആ സ്ഥിതി താമസിയാതെ മാറും. പാര്‍ലമെന്റ് മന്ദിരം സമരക്കാര്‍ വളഞ്ഞിരിക്കുകയാണു്. ഇന്നല്ലെങ്കില്‍ നാളെ അധികാരം അവര്‍ പിടിച്ചടക്കുമെന്നു് ഉറപ്പാണു്. അതിനുശേഷം സ്വാതന്ത്ര്യങ്ങളുടെയും അധികാര വികേന്ദ്രീകരണങ്ങളുടെയും കാലമായിരിക്കും. വ്യക്തികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം, സ്വയം ഭരണാവകാശം!’-എന്നിങ്ങനെ പോകുന്നു ജെഎന്‍യു വിവാദത്തെ പിന്തുണക്കുന്നവരെ കളിയാക്കി കൊണ്ടുള്ള കുറിപ്പ്.
‘ രാഷ്ട്രീയത്തിലെ ഈച്ചകള്‍ക്കു് ദീര്ഘബുദ്ധിയുമില്ല, സ്ഥിരബുദ്ധിയുമില്ല. ബംഗാളില്‍ യെച്ചൂരിയും രാഹുലും കൈകോര്ത്തു് നടക്കുന്നതു് കണ്ടവരുണ്ടത്രെ! അത്രേയുള്ളു രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെയും സത്യസന്ധതയുടെയുമൊക്കെ കാര്യം. രാഷ്ട്രീയത്തില്‍ അവനവനോടു് പോലും സത്യസന്ധത പാടില്ല. സത്യസന്ധതയെപ്പറ്റി വാതോരാതെ പ്രസംഗിക്കാന്‍ മറക്കുകയുമരുതു്. ഹൃദയത്തിന്റെ പക്ഷമാണു് ഇടതുപക്ഷം, ഞാന്‍ ഇടതുപക്ഷമാണു് എന്നൊക്കെ ചുമ്മാ തട്ടിവിട്ടേക്കണം. സില്മയില് വച്ചുകാച്ചിയ കലക്കന്‍ ഡയലോഗുകളൊക്കെ ഒന്നു് പൊടിതട്ടി എടുത്താല്‍ മതി. എല്ലാം ശരിയാവും.’
പോസ്റ്റിന്റെ പൂര്‍ണരൂപം-
മോഹന്‍ലാലിനു് ഒരു അടഞ്ഞ കത്ത്
പ്രിയ മോഹന്‍ ലാല്‍,
സംഗതി ടോപ് സീക്രട്ടാണു്. അല്ലെങ്കില്‍ പതിവുപോലെ തുറന്ന കത്തേ എഴുതുമായിരുന്നുള്ളു. അതുകൊണ്ടു് ആദ്യം പോയി മുറി അകത്തുനിന്നും അടച്ചു് കുറ്റിയിട്ടോളൂ. അതിനുശേഷം മാത്രമേ ഈ കത്തു് തുടര്‍ന്നു് വായിക്കാവൂ. അമേരിക്ക മുതല്‍ ബുര്‍ക്കിന ഫാസോ വരെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഏജന്റുകള്‍ നമ്മുടെ വീടുകളേയും പൗരന്മാരെയും വീക്ഷിച്ചുകൊണ്ടാണിരിക്കുന്നതു്. സാമ്രാജ്യത്വത്തിന്റെയും സയണിസത്തിന്റേയും ചാരന്മാര്! ഭാരതം എരിയുകയാണു്. ആസേതുഹിമാചലം തീപ്പെട്ടിക്കോലുകള്‍ കത്തുന്നു, ബീഡിസിഗററ്റുകള് പുകയുന്നു. വല്ലാത്തൊരു മാറ്റത്തിലൂടെയാണു് ഭാരതം കടന്നുപോയിക്കൊണ്ടിരിക്കുന്നതു്. അഭിപ്രായം പ്രകടിപ്പിക്കുന്നതിനും കൂട്ടില്‍ കാഷ്ഠിക്കുന്നതിനുമുള്ള സ്വാതന്ത്ര്യത്തിനായി പൊരിഞ്ഞ സമരമാണു് നടക്കുന്നതു്. നിങ്ങള്‍ അഭിനയത്തിന്റെ തിരക്കില്‍ ആയിരുന്നതുകൊണ്ടാണു് അതറിയാതെ പോയതു്. വല്ലതും പറയണമെന്നോ കൂട്ടില്‍ അപ്പിയിടണമെന്നോ തോന്നുന്നുണ്ടെങ്കില്‍ അല്പം കൂടി ക്ഷമിക്കുന്നതാണു് നല്ലതു്. ഇപ്പോള്‍ ഭാരതത്തില്‍ ആര്‍ക്കും അതിനുള്ള സ്വാതന്ത്ര്യമില്ല. പക്ഷേ, ആ സ്ഥിതി താമസിയാതെ മാറും. പാര്‍ലമെന്റ് മന്ദിരം സമരക്കാര്‍ വളഞ്ഞിരിക്കുകയാണു്. ഇന്നല്ലെങ്കില്‍ നാളെ അധികാരം അവര്‍ പിടിച്ചടക്കുമെന്നു് ഉറപ്പാണു്. അതിനുശേഷം സ്വാതന്ത്ര്യങ്ങളുടെയും അധികാര വികേന്ദ്രീകരണങ്ങളുടെയും കാലമായിരിക്കും. വ്യക്തികള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പരിപൂര്‍ണ്ണ സ്വാതന്ത്ര്യം, സ്വയം ഭരണാവകാശം!
സമരക്കാര്‍ അധികാരം ഏറ്റെടുത്താല്‍ ആദ്യം ഗാന്ധി, നെഹ്രു തുട്രങ്ങിയവരുടെ ചിത്രങ്ങളും ശില്പങ്ങളുമെല്ലാം പാര്‍ലമെന്റില്‍ നിന്നും എന്നേക്കുമായി നീക്കം ചെയ്യപ്പെടും. അവിടെ മാര്‍ക്സും, എന്ഗല്സും, ലെനിനും, സ്റ്റാലിനും, മാവോയും സ്ഥാനം പിടിക്കും. കറന്‍സിയിലെ ഗാന്ധിത്തല പോയി മാവോത്തല വരും. അശോകസ്തംഭത്തിലെ നാലു് സിംഹത്തലകള്‍ എടുത്തുമാറ്റി, രൂപസാദൃശ്യത്തിന്റെ പേരില്‍, നാലു് മാര്ക്സ്തലകള് പിടിപ്പിക്കും. പാര്ലമെന്റിനു് മുകളില്‍ രക്തവര്ണ്ണപതാക പാറിക്കളിക്കും. ഓരോ വീടുകള്‍ക്കു് മുകളിലും പതാകകള്‍ പൊക്കിക്കെട്ടാന് പറയുമ്പോള്‍ പൊക്കിക്കെട്ടാനും, താഴ്ത്തിക്കെട്ടാന്‍ പറയുമ്പോള്‍ താഴ്ത്തിക്കെട്ടാനും ജനങ്ങള്‍ ബാദ്ധ്യസ്ഥരായിരിക്കും. മടിക്കുന്നവര്‍ ആരോഗ്യമുള്ളവരെങ്കില് ലേബര്‍ ക്യാമ്പ്, അല്ലാത്തവര്‍ക്കു് നാത്സി മോഡല്‍ ഗ്യാസ് ചേമ്പര്‍! കൊടികളുടെ നിറവും മുഖച്ഛായയും സംസ്ഥാനാടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും: ചുമ്മാചെങ്കൊടി, പച്ചച്ചെങ്കൊടി, ത്രിവര്ണ്ണച്ചെങ്കൊടി, കാവിച്ചെങ്കൊടി, ചര്ക്കച്ചെങ്കൊടി, അങ്ങനെ, മാര്‍ക്സ് പറഞ്ഞതുപോലെ, ഓരോരുത്തര്‍ക്കും അവരവര്‍ക്കു് യോജിച്ച കൊടികള്‍, അവരവര്‍ക്കു് തോന്നിയപോലത്തെ ജോലികള്‍. ഇന്നു് ഡോക്ടര്‍, നാളെ ആസ്റ്റ്രൊനോട്ട്, മറ്റെന്നാള്‍ നോക്കുകൂലി വാങ്ങുന്നവന് അങ്ങനെയങ്ങനെ. പരിപൂര്‍ണ്ണ സമത്വവും, സ്വാതന്ത്ര്യവും! എല്ലാവരുടെയും എല്ലാ ചിലവുകളും രാജ്യം വഹിക്കും. എനിക്കു് CIA വളരെ രഹസ്യമായി ചോര്‍ത്തിത്തന്ന വിവരങ്ങളാണു്. സമരം തീര്ന്നു് എല്ലാവര്ക്കും സമാധാനമാവുന്നതുവരെ മറ്റാരും ഇതൊന്നും അറിയാന്‍ ഇടവരരുതു്.
നിങ്ങള്‍ ധൃതി പിടിച്ചു് അഭിപ്രായം പ്രകടിപ്പിച്ചതാണു് പ്രശ്നമായതു്. സാരമാക്കാനില്ല. നാളെ നിങ്ങള്‍ക്കു് വല്ല അപായവും സംഭവിച്ചാല്‍, (അങ്ങനെയൊന്നും സംഭവിക്കാതിരിക്കാന്‍ മാതാ അമൃതാനന്ദമയിയോടു് പ്രാര്‍ത്ഥിക്കുന്നു) ഇന്നു് നിങ്ങളെ തെറി പറഞ്ഞവര്‍തന്നെ നെഞ്ചത്തിടിച്ചു് നിലവിളിക്കും. മരിച്ചു് കിടക്കുമ്പോള്‍ നാലു് നല്ല വാക്കുകള്‍ കേള്‍ക്കുന്നതില്‍ കവിഞ്ഞ ഒരു സന്തോഷമുണ്ടോ? അതുകൊണ്ടു് ഇപ്പോള്‍ കേട്ട തെറിവിളിയും നായര്വിളിയുമൊന്നും അത്ര കാര്യമാക്കണ്ട. സരിതോര്‍ജ്ജം നിറഞ്ഞ രക്തവും മൂത്രവുമായി ജീവിക്കുന്ന മനുഷ്യരാണു്. ‘അച്ചിയെയും’ മറ്റു് കുടുംബാംഗങ്ങളേയും തെറി വിളിക്കാഞ്ഞതു് ഭാഗ്യം എന്നു് കരുതിക്കോളൂ. സാദാ ഈച്ചകളുടെ ബുദ്ധിക്കു് ഏതാനും സെക്കന്‍ഡുകളെങ്കിലും ആയുസ്സുണ്ടു്. രാഷ്ട്രീയത്തിലെ ഈച്ചകള്‍ക്കു് ദീര്ഘബുദ്ധിയുമില്ല, സ്ഥിരബുദ്ധിയുമില്ല. ബംഗാളില്‍ യെച്ചൂരിയും രാഹുലും കൈകോര്ത്തു് നടക്കുന്നതു് കണ്ടവരുണ്ടത്രെ! അത്രേയുള്ളു രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുടെയും സത്യസന്ധതയുടെയുമൊക്കെ കാര്യം. രാഷ്ട്രീയത്തില്‍ അവനവനോടു് പോലും സത്യസന്ധത പാടില്ല. സത്യസന്ധതയെപ്പറ്റി വാതോരാതെ പ്രസംഗിക്കാന്‍ മറക്കുകയുമരുതു്. ഹൃദയത്തിന്റെ പക്ഷമാണു് ഇടതുപക്ഷം, ഞാന്‍ ഇടതുപക്ഷമാണു് എന്നൊക്കെ ചുമ്മാ തട്ടിവിട്ടേക്കണം. സില്മയില് വച്ചുകാച്ചിയ കലക്കന്‍ ഡയലോഗുകളൊക്കെ ഒന്നു് പൊടിതട്ടി എടുത്താല്‍ മതി. എല്ലാം ശരിയാവും. വായിച്ചശേഷം ഈ കത്തു് നശിപ്പിക്കാന്‍ മറക്കരുതു്. ഞാന്‍ ഒളിസങ്കേതത്തിലാണു്. CIAയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുന്നതനുസരിച്ചു് വീണ്ടും ബന്ധപ്പെടാം.
ഫെയ്സ്ബുക്കിലെ ഏതോ ‘ഫിസിയോതെറാപ്പിസ്റ്റിന്റെ’ ഒരു സ്റ്റാറ്റസ് കാണാന്‍ ഇടയായി. മോദിയെ 56 ഇഞ്ചുകാരന് എന്നല്ല, 54 ഇഞ്ചുകാരന് എന്നാണു് അതില്‍ വിശേഷിപ്പിച്ചിരിക്കുന്നതു്! അതിന് പ്രകാരം രണ്ടിഞ്ചു് കുറവു് കാണുന്നുണ്ടു്. നേരത്തും കാലത്തും ആഹാരം കഴിക്കാതിരുന്നാല്‍ ആരുടെ ആയാലും തൂക്കവും തടിയും കുറയും. അതുകൊണ്ടു് ആഹാരകാര്യങ്ങളൊക്കെ ശ്രദ്ധിക്കണം. കത്തു് വായിച്ചു് തീര്ത്തതിനു് നന്ദി. മറുപടി എഴുതരുതു്. അപകടമാണു്. ജയ് ഹിന്ദ്!
Discussion about this post