ലണ്ടൻ; ദീപാവലി ആഘോഷത്തിനിടെ മാംസാഹാരവും മദ്യവും വിളമ്പിയതിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതി. ബിയറും വൈനും ആട്ടിറച്ചിയുടെ കെബാബും വിളമ്പിയത് തങ്ങൾക്കുപറ്റിയ തെറ്റാണെന്ന് ഡൗണിങ്സ്ട്രീറ്റ് 10 വാർത്താക്കുറിപ്പിൽ അറിയിച്ചു. ബ്രിട്ടനിലെ ഹിന്ദു സമൂഹവും ജനപ്രതിനിധികളും സംഭവത്തിൽ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രിട്ടന്റെ ഈ മാപ്പ് പറച്ചിൽ. പരിപാടിയുടെ സംഘാടനത്തിൽ ഒരു തെറ്റുപറ്റി. ഈ വിഷയത്തിലെ വികാരത്തിന്റെ ശക്തി ഞങ്ങൾ മനസിലാക്കുന്നു. അതിനാൽ ഈ സമൂഹത്തോട് ഖേദം പ്രകടിപ്പിക്കുകയും മേലിൽ ആവർത്തിക്കില്ലെന്ന് ഉറപ്പും നൽകുന്നുവെന്നാണ് ബ്രിട്ടൻ വ്യക്തമാക്കിയിരിക്കുന്നത്. ഡൗണിങ്സ്ട്രീസ്റ്റ് 10-ൽ സ്റ്റാർമർ ആദ്യമായി ആതിഥേയനായ ദീപാവലി ആഘോഷത്തിൽ, ബ്രിട്ടീഷ് ഇന്ത്യൻ സമൂഹങ്ങളുടെ നേതാക്കൾ പാർലമെന്റേറിയന്മാർ, പ്രൊഫഷണലുകൾ എന്നിവർ പങ്കെടുത്തിരുന്നു.
ഒക്ടോബർ 29-ന് നടന്ന ആഘോഷത്തിനെതിരെ ഹിന്ദു സമൂഹം വലിയ വിമർശനമായിരുന്നു ഉന്നയിച്ചത്. ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെക്കുറിച്ചുള്ള ധാരണക്കുറവാണ് ഇതെന്ന് ഹിന്ദു സംഘടനയായ ഇൻസൈറ്റ് യു.കെ. ചൂണ്ടിക്കാട്ടിയിരുന്നു. ദീപാവലി എന്നത് ആഘോഷത്തിൻറെ അവസരം മാത്രമല്ല, ആഴത്തിലുള്ള ആത്മീയമായ സന്ദർഭം കൂടിയാണ്. ആഘോഷങ്ങൾക്കുമുമ്പായി ഹിന്ദു സമൂഹവുമായി ആലോചിച്ചിരുന്നോയെന്ന് സംഘടന ആരാഞ്ഞിരുന്നു.
2022-ൽ ഋഷി സുനക് ഭരണനേതൃത്വത്തിൽ എത്തിയതുമുതലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ദീപാവലി ആഘോഷം നടത്താൻ തുടങ്ങിയത്. ഇത് നിലവിലെ പ്രധാനമന്ത്രി കെയ്ര് സ്റ്റാർമറും തുടരുകയായിരുന്നു.
Discussion about this post