ചെന്നൈ: തമിഴ്‌നാട്ടിൽ തിയറ്ററിന് നേരെ പെട്രോൾ ബോംബ് ആക്രമണം. തിരുനെൽവേലി ജില്ലയിലെ അലങ്കാർ സിനിമാസിന് നേരെയായിരുന്നു ആക്രമണം. അമരൻ സിനിമ പ്രദർശിപ്പിക്കുന്ന തിയറ്റർ ആണ് ഇത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തിയറ്ററിൽ എത്തിയ രണ്ട് അംഗ സംഘം മതിലിന് പുറത്ത് നിന്ന് തിയറ്ററിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തുകയായിരുന്നു. മൂന്ന് പെട്രോൾ ബോംബുകളാണ് ഇവർ തിയറ്ററിന് ഉള്ളിലേക്ക് എറിഞ്ഞത്. എന്നാൽ ഇവ മൂന്ന് നിലത്ത് പതിച്ചു. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിലത്ത് കിടന്ന് കത്തിയ ബോംബുകൾ സുരക്ഷാ ജീവനക്കാർ അതിവേഗം അണച്ചു. ഇതിന് പിന്നാലെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി തിയറ്ററിനെ സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്നാണ് രണ്ട് പേരാണ് ആക്രമണം നടത്തിയത് എന്നതിന്റെ സൂചനകൾ ലഭിച്ചത്. മതമൗലിക വാദികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് സൂചന. ദൃശ്യങ്ങളിൽ നിന്നും പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
അമരൻ ചിത്രത്തിൽ മുസ്ലീങ്ങളെ മോശമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെയാണ് അമരൻ പ്രദർശിപ്പിക്കുന്ന തിയറ്ററിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
Discussion about this post