ധനുഷുമായുള്ള പ്രശ്‌നത്തില്‍ നയൻതാരയ്ക്ക് പിന്തുണയുമായി താരങ്ങൾ. നടിമാരായ നസ്രിയ, പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, മീര നന്ദൻ, അന്ന ബെൻ, ഇഷ തൽവാർ തുടങ്ങിയവർ പോസ്റ്റിന് കമന്റും ലൈക്കും നൽകിയാണ് നയൻതാരയ്ക്ക് പിന്തുണയുമായെത്തിയത്. അതേസമയം, സംഭവത്തില്‍ നയൻതാര നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നാണ് വിവരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് പാർവതി നയൻതാരയ്ക്ക് പിന്തുണയറിയിച്ചത്. ധനുഷിനെതിരെ വിമർശനമുന്നയിച്ചുകൊണ്ടുള്ള തുറന്ന കത്ത് നയൻതാര സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു. ഈ കത്ത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചുകൊണ്ടാണ് പാർവതി നയൻതാരയ്ക്ക് പിന്തുണയറിയിച്ചത്.
നയൻതാരയും വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനുഷിനെതിരേ രൂക്ഷ വിമർശനവുമായി നയൻതാര രംഗത്തെത്തിയിരുന്നു. വിവാഹത്തിനോട് അനുബന്ധിച്ച് തയ്യാറാക്കിയ നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്ററി വൈകാൻ കാരണം ധനുഷാണെന്നാണ് നയൻതാരയുടെ വിമർശനം.
ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് നയൻതാരയുടെ വിമർശനം.
നയൻതാരയും വിഘ്നേശ് ശിവനും പ്രണയത്തിലാവാൻ കാരണമായ നാനും റൗഡിതാൻ എന്ന ചിത്രത്തിന്റെ നിർമാതാവ് ധനുഷ് ആയിരുന്നു. തങ്ങളുടെ ജീവിതത്തിൽ ഒഴിച്ചു മാറ്റാൻ കഴിയാത്ത ആ ഒരു സിനിമയും, അതിലെ പാട്ടുകളുടെ ചെറിയ ഭാഗമോ, ക്ലിപ്സോ, എന്തിന് ഫോട്ടോകൾ പോലും ഉപയോഗിക്കാൻ ധനുഷ് സമ്മതിച്ചില്ല. അതിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു ഈ രണ്ട് വർഷം. നാനും റൗഡിതാൻ എന്ന സിനിമയിലെ പാട്ടും, ചില ക്ലിപ്സും, സ്വകാര്യമായി ലൊക്കേഷനിൽ നിന്നെടുത്ത ഫോട്ടോയും ഉപയോഗിക്കാൻ ധനുഷിന്റെ എൻ ഒ സി കിട്ടുന്നതിനായി രണ്ട് വർഷമായി ശ്രമിക്കുകയായിരുന്നു. കിട്ടാതെയായപ്പോൾ, അത് വിട്ടു. എന്നാൽ പാട്ടിലെ ചില വരികൾ ഉപഗോയിച്ചതിന് പിന്നാലെ ധനുഷിൽ നിന്ന് വക്കീൽ നോട്ടീസ് വന്നു അതൊട്ടും പ്രതീക്ഷിച്ചില്ല എന്ന് നയൻതാര പറയുന്നു.
നാനും റൗഡിതാൻ എന്ന സിനിമയിലെ ആ പാട്ട് ഉണ്ടായത്, യഥാർത്ഥ ഇമോഷനിൽ നിന്നാണെന്ന് നിങ്ങൾ മറക്കരുത്. ഞങ്ങളുടെ പ്രണയത്തെ കുറിച്ച് പറയുമ്പോൾ അതില്ലാതെ പൂർണമാകുന്നില്ല. അതിനാലാണ് ഉൾപ്പെടുത്തിയത്. പക്ഷേ നിങ്ങളുടെ വക്കീൽ നോട്ടീസിൽ ഞാൻ തകർന്നുപോയി. ഇത് ബിസിനസ് പരമായ ഒരു പ്രശ്നമല്ല, തീർത്തും നിങ്ങളുടെ വ്യക്തി വൈരാഗ്യമാണ് എന്ന് വ്യക്തമാണ്. പാട്ടിന്റെ മൂന്ന് സെക്കന്റ് വീഡിയോ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയതിന് പത്ത് കോടി രൂപയാണ് ആവശ്യപ്പെട്ടത്. നിങ്ങൾ എത്തരത്തിലുള്ള ആളാണ് എന്ന് അതിലൂടെ വ്യക്തമാണെന്ന് നയൻതാര കുറ്റപ്പെടുത്തി.
Discussion about this post