ബഹിരാകാശ യാത്രയുടെ മുഖം തന്നെ മാറ്റിയ ഇലോൺ മസ്കിലൂടെ ലോകത്തെ യാത്രാവേഗം തന്നെ മാറ്റുന്ന പദ്ധതി നടപ്പാക്കാനിരിക്കുന്നു എന്ന് റിപ്പോര്‍ട്ട്. ഈ വമ്പന്‍ പദ്ധതി യാഥാർത്ഥ്യമാകുമ്പോൾ രാജ്യങ്ങൾക്കിടയിലുള്ള യാത്രാസമയത്തിലടക്കം അദ്ഭുതകരമായ മാറ്റങ്ങളാണ് ഉണ്ടാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഉള്ള വാർത്തകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
മസ്കിന്റെ സ്റ്റാർഷിപ്പ് റോക്കറ്റിലൂടെ ലോകത്തെ ഏറ്റവും ശക്തവും അതിവേഗതയുമുള്ള ഭൂഖണ്ഡാന്തര യാത്ര സാദ്ധ്യമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് ഉള്ള യാത്രയ്ക്ക് 22 മണിക്കൂർ മുതൽ 38 മണിക്കൂർ വരെ സമയമാണ് വേണ്ടിവരുക. എന്നാല്‍, മസ്കിന്റെ പുതിയ പദ്ധതി നടപ്പാകുന്നതോടെ അരമണിക്കൂറിനുള്ളിൽ അമേരിക്കയിൽ എത്താൻ കഴിയുമെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
ഒറ്റ യാത്രയില്‍ 1000 പേരെ വരെ സ്റ്റാർഷിപ്പിന് കൊണ്ടുപോകാൻ കഴിയും. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാർഷിപ്പിന്റെ യാത്ര. ലോകത്തിലെ വിവിധ നഗരങ്ങളിലേക്ക് കുറഞ്ഞ സമയം കൊണ്ട് എത്താനാകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ പ്രത്യേകത. ലോസ് എഞ്ചൽസിൽ നിന്ന് ടൊറന്റോയിലേക്ക് 24 മിനിട്ടിലും ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് 29 മിനിട്ടിലും ഡൽഹിയിൽ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിട്ടിലും എത്തിച്ചേരാം.
Discussion about this post