കൊച്ചി: സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് (ബോഡി ഷെയിമിംഗ്) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് തുറന്നു പറഞ്ഞ് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി കൊണ്ടാണ് ജസ്റ്റിസ് എ.ബദറുദ്ദീന്റെ നിർണ്ണായക ഉത്തരവ്.
2019ൽ വിവാഹിതയായി ഭർതൃവീട്ടിലെത്തിയ യുവതിക്കാണ് ബോഡി ഷെയിമിംഗ് നേരിടേണ്ടിവന്നത്. ശരീരത്തിന് ഷെയ്‌പ്പില്ലെന്നും ഭർത്താവിന്റെ അനുജന് പറ്റിയ ആളല്ലെന്നും മൂത്ത സഹോദരന്റെ ഭാര്യ പറയുകയായിരുന്നു. ഇത് കൂടാതെ, അനുജന് സുന്ദരിയായ മറ്റൊരാളെ കിട്ടുമായിരുന്നെന്നും പറഞ്ഞു. മാത്രമല്ല യുവതിയുടെ മെഡിക്കൽ ബിരുദ സർട്ടിഫിക്കറ്റിനെക്കുറിച്ച് സംശയം പറയുകയും വാങ്ങി പരിശോധിക്കുകയും ചെയ്തു.
കളിയാക്കലും സർട്ടിഫിക്കറ്റ് പരിശോധനയും യുവതിയുടെ ശാരീരിക, മാനസികാരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമായതിനാൽ ഗാർഹികപീഡനക്കേസ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂത്തുപറമ്പ് ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയുടെ പരിഗണനയിലുള്ള കേസ് തുടരാമെന്നും ഉത്തരവിട്ടു.
Discussion about this post