ന്യൂഡൽഹി: ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചികയിൽ 494 ആയി മലിനീകരണ തോത് ഉയർന്നു. പല ഭാഗങ്ങളിലും വായുവിന്റെ മലിനീകരണ തോത് 500ന് മുകളിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം വായു മലിനീകരണം പരിഹരിക്കാൻ അടിയന്തിരമായി നടപടികൾ സ്വീകരിക്കാൻ സുപ്രീംകോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വായുമലിനീകരണ തോത് വീണ്ടും ഉയർന്നിരിക്കുന്നത്.
ഇതുവരെയുണ്ടായതിൽ വച്ച് ഏറ്റവും മലിനമായ അന്തരീക്ഷം ആണ് ഡൽഹിയിൽ നിലനിൽക്കുന്നത്. നഗരങ്ങൾ വിഷപ്പുക കൊണ്ട് നിറഞ്ഞിട്ടുണ്ട്. മുഖാവരണങ്ങൾ ധരിച്ചാണ് ആളുകൾ അത്യാവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നത്. വരും ദിവസങ്ങളിൽ വായുവിന്റെ ഗുണനിലവാരം വീണ്ടും മോശമാകും എന്നാണ് സൂചന.
വായു മലിനീകരണത്തിന്റെ തോത് വർദ്ധിക്കുന്ന സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. 10, പ്ലസ് 2 ഒഴികെയുള്ള എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാൻ ആണ് സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഈ മാസം 23 വരെ ക്ലാസുകൾ ഓൺലൈൻ ആയി തുടരും.
ട്രക്കുകൾ ഡൽഹിയിലേക്ക് എത്തുന്നതിനും നിയന്ത്രണം ഉണ്ട്. സ്ഥിതിഗതികൾ ഗുരുതരമായ സാഹചര്യത്തിലും ഡൽഹിയിൽ ട്രെയിൻ സർവ്വീസുകൾ തുടരുകയാണ്. പ്രതികൂല സാഹചര്യത്തിൽ 22 ഓളം തീവണ്ടികൾ വൈകിയാണ് സർവ്വീസ് നടത്തുന്നത്. ഒൻപത് തീവണ്ടികളുടെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്.
Discussion about this post