സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രയാസം നിറഞ്ഞ സമയമാണ് ആര്‍ത്തവദിനങ്ങള്‍. പല സ്ത്രീകള്‍ക്കും ആ ദിവസങ്ങൾ ഒരു പേടി സ്വപ്നമാണ്. വയര്‍ വേദന, തല വേദന, എന്നിങ്ങനെ പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഈ സമയത്ത് സ്ത്രീകള്‍ നേരിടാറുണ്ട്. അതുപോലെ തന്നെ ഈ സമയത്ത് നേരിടുന്ന മറ്റൊരു പ്രശ്നമാണ് വയറു വീർക്കുന്നത്. കാര്യമായ അസ്വാസ്ഥ്യത്തിന് ഇത് കാരണമാകുന്നു.
ശരിയായ ഭക്ഷണങ്ങൾ കൊണ്ട് നമുക്ക് ഇത് നിയന്ത്രിക്കാനാകും. അതിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
ഹോർമോൺ വ്യതിയാനങ്ങൾ മൂലമാണ് വയര്‍ വീര്‍ക്കുന്നത് എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. തടയാന്‍ വാഴപ്പഴം, അവക്കാഡോ, ചീര, മധുരക്കിഴങ്ങ് തുടങ്ങിയ പൊട്ടാസ്യം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തിലെ സോഡിയത്തിൻ്റെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു.
വെള്ളരിക്ക, തണ്ണിമത്തൻ, സെലറി, ഓറഞ്ച് തുടങ്ങിയ വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തില്‍ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇത് വയറു വീർക്കുന്നത് തടയാന്‍ സഹായിക്കും. ഒപ്പം അവശ്യ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാനും നല്ലതാണ്.
ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ത്തിരിക്കുന്നത് തടയാനും സഹായിക്കും. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയത്ത് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പെപ്പർമിൻ്റ് ടീയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്. ദഹനനാളത്തിൻ്റെ പേശികളെ വിശ്രമിക്കാൻ ഈ സംയുക്തം സഹായിക്കും. ഇത് വയറ്റിലെ ഗ്യാസ് കുറയ്ക്കാനും, വയറുവേദന കുറയ്ക്കാനും, ആർത്തവ സമയത്ത് വയറു വീർക്കുന്നത് തടയാനും സഹായിക്കും.
Discussion about this post