2002 മുതൽ കഴിഞ്ഞ 20 വർഷമായി എല്ലാ വർഷവും നവംബർ മാസത്തിലെ മൂന്നാമത്തെ ബുധനാഴ്ച ലോക COPD ദിനമായി ആചരിച്ചുവരുന്നു. ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്കിടയിൽ ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസിനെക്കുറിച്ച് (സിഒപിഡി) അവബോധം വളർത്തുന്നതിനുള്ള ആഗോള ആരോഗ്യ സംരക്ഷണ പരിപാടിയാണിത്. ഇന്ത്യയിൽ ഈ രോഗത്തിൻ്റെ 5.5 കോടി കേസുകൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. സിഒപിഡി ലോകത്തിലെ മൂന്നാമത്തെ പ്രധാന മരണകാരണമാണ്. 2019ലെ കണക്കനുസരിച്ച് ആഗോളതലത്തിൽ 32.3 ലക്ഷം മരണങ്ങളാണ് ഈ രോഗം മൂലം റിപ്പോർട്ട് ചെയ്തത്.
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ശ്വാസകോശ രോഗമാണ് ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി). സിഒപിഡിയുടെ പ്രധാന കാരണങ്ങളിലൊന്ന് പുകവലിയാണ്. കൂടാതെ അന്തരീക്ഷ മലിനീകരണം, ശുദ്ധ വായുവിന്റെ അപര്യാപ്തത എന്നിവയും രോഗകാരണമായി മാറുന്നുണ്ട്. വ്യാവസായിക ഫാക്ടറികളിൽ നിന്നും മറ്റ് ഉൽഭവങ്ങളിൽ നിന്നുമുള്ള പുക, പൊടി എന്നിവയും ശ്വാസകോശ പ്രശ്നങ്ങളിലേക്ക് ജനങ്ങളെ നയിക്കുന്നു.
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ചുമ, ക്ഷീണം എന്നിവ ഈ രോഗത്തിൻ്റെ സാധാരണ ലക്ഷണങ്ങൾ. കൂടാതെ ചെവി, മൂക്ക്, തൊണ്ട എന്നിവയെയും രോഗം ബാധിക്കുന്നു. ശ്വാസകോശത്തിൻ്റെ പ്രവർത്തനം മോശമാകുന്നത് ശരീരത്തിൽ ഓക്സിജൻ്റെ അഭാവമുണ്ടാകുന്നതിന് കാരണമാകുന്നു. ഇത് അകത്തെ ചെവിയെ (കോക്ലിയ) ബാധിക്കുന്നു. ഇത് ക്രമേണ കേൾവിശക്തിയെ തകരാറിലാക്കുകയും ഇന്നർ ഇയർ ബാലൻസ് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. മൂക്കിൽ കഫം അടിഞ്ഞു കൂടുക, ചെവിയിൽ പഴുപ്പ് ഉണ്ടാവുക, ചെവിയിൽ മുഴക്കം, തലകറക്കം എന്നിങ്ങനെയുള്ള പല പ്രശ്നങ്ങളും ഇതുവഴി ഉണ്ടാകും.
സാധാരണ മരുന്നുകളോ ആൻറിബയോട്ടിക്കുകളോ ഉപയോഗിച്ച് മെച്ചപ്പെടാത്ത നീണ്ടുനിൽക്കുന്ന ചുമയാണ് മറ്റൊരു പ്രശ്നം. പല രോഗികൾക്കും കൂടുതൽ തവണ ഇൻഹേലറുകൾ ഉപയോഗിക്കുന്നതിന് കാരണമാകുന്നത് ഈ നീണ്ടു നിൽക്കുന്ന ചുമയാണ്. പുകവലി പൂർണമായും ഉപേക്ഷിക്കുക, പുകയും പൊടിയുമായി ദീർഘനേരം സമ്പർക്കം ഉണ്ടാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക, ശ്വാസകോശത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ശ്വാസകോശ വ്യായാമങ്ങൾ ചെയ്യുക എന്നിവയെല്ലാം സിഒപിഡി പരിചരണത്തിൽ മികച്ച ഫലം നൽകും. പതിവായി വ്യായാമം ചെയ്യുന്നത് ശ്വസന പേശികളെ ശക്തിപ്പെടുത്തുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ഓക്സിജൻ്റെ ഉപയോഗം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്. നടത്തം, യോഗ, അല്ലെങ്കിൽ നീന്തൽ തുടങ്ങിയ വ്യായാമങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നതും നിങ്ങളുടെ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കും. ഗുരുതര രോഗാവസ്ഥയിൽ ഉള്ളവർ മികച്ച ഒരു പൾമനോളജിസ്റ്റിന്റെ നിർദ്ദേശാനുസരണം ഉള്ള ചികിത്സകളും കൃത്യമായി സ്വീകരിക്കേണ്ടതാണ്.
Discussion about this post