എറണാകുളം : മന്ത്രി സജി ചെറിയാന് തിരിച്ചടി. പോലീസ് റിപ്പോർട്ട് തളളിയ കോടതി പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ അന്തിമ റിപ്പാർട്ട് റദ്ദാക്കുകയും ചെയ്തു.അന്വേഷണത്തിൽ പാളിച്ചകൾ ഉണ്ടായി. സിസിടിവി ദൃശ്യങ്ങളും ഓഡിയോ ക്ലിപ്പുകളും പരിശോധിച്ചില്ലെന്നും അന്വേഷണം ക്രൈം ബ്രാഞ്ച് നടത്തണമെന്നും കോടതി പറഞ്ഞു. പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിയും ഹൈക്കോടതി റദ്ദാക്കി
ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് ഡയറിയും പ്രസംഗത്തിന്റെ വിശദമായ രൂപവും പരിശോധിച്ച ശേഷമാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്. ഭരണസ്വാധീനം ഉപയോഗിച്ച് സജി ചെറിയാൻ കേസ് അട്ടിമറിച്ചുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ഹർജിക്കാരൻ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
‘കുറച്ച് നല്ല കാര്യങ്ങൾ എന്ന പേരിൽ ജനാധിപത്യം, മതേതരത്വം, കുന്തം, കുടച്ചക്രം എന്നെല്ലാം എഴുതി വെച്ചു എന്നല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുകയാണ് ഇതിന്റെ ഉദ്ദേശം’ എന്നായിരുന്നു ഭരണഘടനയെ പറ്റിയുള്ള സജി ചെറിയാന്റെ വിവാദമായ പ്രസംഗ ഭാഗം. 2022 ജൂലൈ മൂന്നിനാണ് സംഭവം. പത്തനംതിട്ടയിലെ മല്ലപ്പള്ളിയിൽ സിപിഐഎം ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം.
Discussion about this post