ബെംഗളൂരു: മനുഷ്യരെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായി ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുമായി (ASA) നിര്‍ണായക കരാറില്‍ ഒപ്പുവെച്ചു ഐഎസ്ആര്‍ഒ. ഗഗന്‍യാന്‍ ദൗത്യത്തില്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തേക്ക് അയക്കുന്ന പേടകത്തെയും അതിലെ ബഹിരാകാശ സഞ്ചാരികളെയും ദൗത്യത്തിന് ശേഷം ഇന്ത്യാ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുക്കുക ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുടെ സഹകരണത്തിലായിരിക്കും. ഈ നിര്‍ണായക പങ്കാളിയായാണ് ഓസ്‌ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുടെ സഹായം ഐഎസ്ആര്‍ഒ തേടുന്നത്.
ഇന്നലെയാണ് ഐഎസ്ആര്‍ഒയും കരാറില്‍ ഒപ്പുവച്ചത്. ഐഎസ്ആര്‍ഒയുടെ ഹ്യൂമണ്‍ സ്പേസ് ഫ്ലൈറ്റ് സെന്‍റര്‍ ഡയറക്ടര്‍ ഡി കെ സിംഗും ഓസ്ട്രേലിയന്‍ സ്പേസ് ഏജന്‍സിയുടെ സ്പേസ് കേപ്പബിളിറ്റി ബ്രാഞ്ച് ജനറല്‍ മാനേജര്‍ ജാറോഡ് പവലുമാണ് കരാറില്‍ ഒപ്പുവച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ തിരികെ ലാന്‍ഡ് ചെയ്യുമ്പോള്‍ ഗഗന്‍യാന്‍ പേടകത്തിന്‍റെ തിരച്ചിലിലും വീണ്ടെടുക്കലിലും എഎസ്എ ഭാഗമാകും.
ഇന്ത്യ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് ആദ്യമായി സ്വന്തം പേടകത്തില്‍ മനുഷ്യനെ അയക്കുന്ന പദ്ധതിയാണ് ഗഗന്‍യാന്‍. ബഹിരാകാശത്തേക്ക് മൂന്ന് ക്രൂ അംഗങ്ങളെയാവും ഗഗന്‍യാന്‍ പേടകത്തില്‍ ഇന്ത്യ അയക്കുക. സംഘത്തെ ഭൂമിയില്‍ നിന്ന് 400 കിലോമീറ്റർ ഉയരെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച ശേഷം സുരക്ഷിതമായി തിരിച്ചെത്തിക്കുകയാണ് ഗഗൻയാൻ ദൗത്യത്തിന്‍റെ പ്രാഥമിക ലക്ഷ്യം.
Discussion about this post